ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ധനസഹായം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ധനസഹായം നൽകുന്നതിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ആറാഴ്ചക്കകം മാർഗരേഖ തയ്യാറാക്കണമെന്നും എത്ര തുക നൽകണമെന്നതിനെ കുറിച്ച് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകണമെന്ന് അപേക്ഷിച്ച് നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ നിർദേശം.
നേരത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങൾക്ക് മാത്രമേ നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളുവെന്നും കേന്ദ്രം പറഞ്ഞിരുന്നു.
ഈ വാദങ്ങളെ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ച് തള്ളുകയായിരുന്നു. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്.
Discussion about this post