ഭോപ്പാല്‍: സ്വകാര്യ സ്‌കൂളുകളില്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുമായി എത്തിയ രക്ഷിതാക്കള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍. പോയി ചത്തൂടേ എന്നായിരുന്നു ആക്രോശം. സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പര്‍മാര്‍ രാജി വെക്കണമെന്നും രാജി വെക്കാന്‍ തയ്യാറാകാത്ത പക്ഷം മന്ത്രിസഭയില്‍ നിന്ന് പര്‍മാറിനെ പുറത്താക്കണമെന്നും രക്ഷിതാക്കളും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും ആവശ്യപ്പെട്ട് രംഗത്തെത്തി.
ഹൈക്കോടതിയുടെ ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ അമിതമായ ഫീസ് ഈടാക്കുന്നതായി നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പര്‍മാറിന്റെ വസതിയിലെത്തിയതായിരുന്നു പാലക് മാഹാസംഘ് എന്ന സംഘടനയിലെ നൂറോളം രക്ഷിതാക്കള്‍. ഇവരോടായിരുന്നു മന്ത്രിയുടെ രൂക്ഷപ്രതികരണം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അമിതഫീസ് നല്‍കാനാവില്ലെന്ന രക്ഷിതാക്കളുടെ പരാതി പരിഗണിച്ച് ട്യൂഷന്‍ ഫീസ് മാത്രം ഈടാക്കാന്‍ ഹൈക്കോടതി സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, കോടതി ഉത്തരവിനെ മറികടന്ന് സ്‌കൂളുകള്‍ ഉയര്‍ന്ന് ഫീസ് ഈടാക്കുന്നത് തുടര്‍ന്നതിനാലാണ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ രക്ഷിതാക്കളെത്തിയത്. വിഷയത്തില്‍ മന്ത്രി ഇടപെടണമെന്നും ഫീസ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ അറിയിച്ചു. എന്നാല്‍, ‘പോയ് ചാകൂ, നിങ്ങള്‍ക്കിഷ്ടമുള്ള പോലെ ചെയ്യൂ’ എന്നും പര്‍മാര്‍ രോഷത്തോടെ പറഞ്ഞു.