ന്യഡൽഹി: പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂലായ് ഒന്നു മുതൽ സർവീസ് ചാർജുകൾ പരിഷ്‌കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളിൽ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകൾക്ക് നൽകുന്ന ചെക്ക് ബുക്ക് എന്നിവയിലെല്ലാം സർവീസ് ചാർജുകൾക്ക് ജൂലായ് ഒന്നു മുതൽ മാറ്റങ്ങളുണ്ടാകും.
എസ് ബി ഐ യുടെ സീറോ ബാലൻസ് അഥവാ ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് (ബി എസ് ബി ഡി) അക്കൗണ്ടുകൾ സമൂഹത്തിലെ താഴെ കിടയിലുള്ളവർക്ക് ഫീസില്ലാതെ ബാങ്കിങ് പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടുള്ളതാണ്. ഈ അക്കൗണ്ടുകളിലെ വിവിധ സേവനങ്ങൾക്കാണ് പുതിയ ചാർജ് ബാധകം.
പണം പിൻവലിക്കൽ
ഇത്തരം അക്കൗണ്ടുടമകൾക്ക് മാസത്തിൽ നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. എടിഎമ്മിൽ നിന്നും കൗണ്ടറിൽ നിന്ന് പിൻവലിക്കുന്നതുൾപ്പെടെയാണിത്. ഇതിൽ കൂടുതലായാൽ ഒരോ തവണ പിൻവലിക്കുമ്പോഴും 15 രൂപയും ജി എസ് ടിയും നൽകേണ്ടി വരും.
ചെക്ക് ബുക്ക്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബി എസ് ബി ഡി അക്കൗണ്ടുടമകൾക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. കൂടുതൽ വാങ്ങിയാൽ ഫീസ് നൽകണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നൽകേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കിൽ 75 രൂപയും ജി എസ് ടിയുമാണ് നൽകേണ്ടത്. അടിയന്തര സാഹചര്യത്തിൽ നൽകേണ്ടി വരുന്ന ചെക്ക് ബുക്കുകൾക്ക് 10 എണ്ണത്തിന് 50 രൂപയും ജി എസ് ടിയും നൽകേണ്ടി വരും