ജമ്മു : ഞായറാഴ്ചത്തെ വ്യോമസേനാ താവളത്തിന് സമീപം നടന്ന ഡ്രോണ്‍ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുവില്‍ മൂന്നാം ദിവസവും ഡ്രോണ്‍ കണ്ടെത്തി. സുഞ്ച്വാന്‍ സൈനികത്താവളത്തിന് സമീപം പുലര്‍ച്ചെ രണ്ടരയോടെയാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും സമാന സാഹചര്യത്തില്‍ രണ്ട് ഡ്രോണുകളെ താവളത്തിന് സമീപം കണ്ടെത്തിയിരുന്നു.ആക്രമണം എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആക്രമണം നടത്തിയത് പാക്കിസ്ഥാന്‍ ആസ്ഥാനമായ ഭീകര സംഘടന ലഷ്‌കറെ തായിബ ആണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
അതിനിടെ ജമ്മു കശ്മീര്‍ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്‌റാര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ ഭീകരരുടെ ഒളിത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് അബ്‌റാര്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.
ഭീകരരരുടെ ഒളിത്താവളത്തെക്കുറിച്ച് അബ്‌റാറില്‍ നിന്നാണ് വിവരം ലഭിച്ചത്. അബ്‌റാറിനെയും കൊണ്ട് ഒളിത്താവളത്തില്‍ പരിശോധന നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പാക്ക് പൗരനായ മറ്റൊരു ലഷ്‌കര്‍ ഭീകരനെയും വധിച്ചതായി പോലീസ് അറിയിച്ചു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അബ്‌റാര്‍ ലഷ്‌കറിന്റെ ഉന്നത കമാന്‍ഡര്‍മാരില്‍ ഒരാളാണ്.