ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി. ഡല്‍ഹിയിലാണ് സംഭവം. സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവമാണ് കൊവിഡ് രോഗികളില്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഞ്ച് കൊവിഡ് രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലദ്വാരത്തിലൂടെ രക്തസ്രാവവും കടുത്ത വയറുവേദനയുമാണ് രോഗികള്‍ക്ക് അനുഭവപ്പെട്ടത്. രോഗികളില്‍ ഒരാള്‍ രക്തസ്രാവവും കടുത്ത നെഞ്ചുവേദനയേയും തുടര്‍ന്നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം രോഗപ്രതിരോധശശേഷി കുറഞ്ഞ അഞ്ച് കോവിഡ് രോഗികളിലാണ് സിവിഎം അണുബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറയുന്നു.
‘ഡല്‍ഹിയില്‍ തന്നെയുള്ളവരാണ് ഇവര്‍. 30 മുതല്‍ 70 വയസ്സിനിടയിലുള്ളവരിലാണ് ഇത് കണ്ടെത്തിയത്. അഞ്ച് രോഗികളില്‍ രണ്ടുപേര്‍ക്ക് കടുത്ത രക്തസ്രാവമാണ് ഉണ്ടായത്. ഒരാള്‍ക്ക് ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. അതിലൂടെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടു. മറ്റുമൂന്ന് രോഗികള്‍ക്ക് ഗാന്‍സിക്ലോവിറിനൊപ്പം ആന്റിവൈറല്‍ തെറാപ്പികൂടി നല്‍കിയതോടെ കൂടുതല്‍ ആശങ്കകളുണ്ടായില്ല’ ആശുപത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.