റായ്പൂര്‍: ഛത്തിസ്ഗഢ് പന്‍ഖാജൂര്‍ സ്വദേശിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 3.22 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നെന്ന സംശയത്തിലാണ് പി.വി 12 മിഡില്‍ സ്കൂളില്‍ അധ്യാപികയായ ശുഭ്ര പാല് പോലീസിനെ സമീപിച്ചത്.
എന്നാല്‍ പോലീസ് നടത്തിയ അന്വേഷണം റിപ്പോര്‍ട്ട് കേട്ട് ഞെട്ടി തരിച്ച് നില്‍ക്കുകയാണ് യുവതി. അന്വേഷണത്തില്‍ യുവതിയുടെ 12 വയസുകാരനായ മകനാണ് പണം പിന്‍വലിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. മൊബൈല്‍ ഗെയിമില്‍ ഉയര്‍ന്ന ലെവലിലേക്ക് കയറ്റം ലഭിക്കാനായി ആയുധങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് 12 വയസുകാരന് ഭീമന് തുക ചെലവിട്ടത് എന്നാണ് പോലീസ് കണ്ടെത്തിയത്.
മാര്‍ച്ച് എട്ടിനും ജൂണ്‍ 10നും ഇടയില്‍ 278 തവണയായാണ് പണം പിന്‍വലിക്കപ്പെട്ടത്. പണം പിന്‍വലിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ജൂണ്‍ 11നാണ് അവര്‍ പരാതി നല്‍കിയത്. ഒരു തവണ പോലും ഒ.ടി.പി വരാതെ പണം നഷ്ടപ്പെട്ടതോടെ പോലീസ് പുതിയ തട്ടിപ്പ് രീതിയാണെന്ന് സംശയിച്ചു.
എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച അതേ മൊബൈല്‍ നമ്പറില്‍ നിന്നുമാണ് പണം പിന്‍വലിക്കപ്പെട്ടതെന്ന് കണ്ടെത്തി. പണമെല്ലാം ഓണ്‍ലൈന്‍ ഗെയിമില്‍ മുന്നേറാനായാണ് 12കാരന് ചെലവിട്ടത് എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
മൊബൈലില്‍ ‘ഫ്രീഫയര്‍’ എന്ന ഗെയിമാണ് കളിച്ചുകൊണ്ടിരുന്നത്. ചോദ്യം ചെയ്യലില്‍ മൊബൈല്‍ ഗെയിമിന് അടിമപ്പെട്ട കുട്ടി ഗെയിമിലെ ലെവലുകള്‍ വിജയിക്കാനായി പണം ചെലവിട്ടതായി സമ്മതിച്ചു.
Discussion about this post