മൈസൂരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരനെ 20 വയസുകാരി വിവാഹം ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പുകളെ നിഷ്‌കരുണം തള്ളിയാണ് യുവതി 17കാരനെ കല്യാണം കഴിച്ചത്. സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ യുവതിക്കെതിരേ പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
മടിക്കേരിയില്‍ ബിഎസ്‌സി നഴ്സിങ് വിദ്യാര്‍ത്ഥിനിയായ ബംഗളൂരു സ്വദേശിനിയാണ് ചിക്കമംഗളൂരു സ്വദേശിയായ 17-കാരനെ വിവാഹം ചെയ്തത്. ഈ മാസം 16-ന് ചിക്കമംഗളൂരുവിലെ അന്തരംഗട്ടമ്മ ക്ഷേത്രത്തില്‍ വെച്ചാണ് കൗമാരക്കാരന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തിയത്.
തനിക്ക് 21 വയസ് ആണെന്ന് പറഞ്ഞായിരുന്നു വിവാഹം നടത്തിയതും. വിവാഹം നടന്നതിനു പിന്നാലെ പ്രദേശവാസി ശിശുസംരക്ഷണ ഹെല്‍പ്പ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വനിതാ-ശിശുക്ഷേമവകുപ്പ് അധികൃതര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിക്കും കൗമാരക്കാരന്റെ ബന്ധുക്കള്‍ക്കുമെതിരേ ചിക്കമഗളൂരു പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.