ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി ജനങ്ങള്‍ കൃത്യമായി നികുതി അടയ്ക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഞാനും നികുതി അടക്കുന്നുണ്ട്. നികുതി അടച്ച ശേഷം തനിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സമ്പാദിക്കുന്നുണ്ട്. ജന്മനാട്ടില് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ട്രെയിനിലാണ് ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ കാണ്‍പുരിലേക്ക് പോയത്.
രാഷ്ട്രപതിയുടെ വാക്കുകള്‍;
‘ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞ് നമ്മള് അത് തടയുകയും ചിലപ്പോള്‍ ട്രെയിനിന് തീയിടുകയും ചെയ്യുന്നു. ആര്‍ക്കാണ് അത് കൊണ്ട് നഷ്ടം വരുന്നത്. ഇത് സര്‍ക്കാരിന്റെ സ്വത്താണെന്ന് ചില ആളുകള്‍ പറയും. എന്നാല്‍ ഇത് നികുതിദായകന്റെ പണമാണ്. എല്ലാവര്ക്കും അതറിയാം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ളയാള്‍ രാഷ്ട്രപതിയാണ്. എന്നാല്‍ അതിന് ആനുപാതികമായി നികുതിയും നല്‍കുന്നുണ്ട്. ഞാന്‍ എല്ലാ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയടക്കുന്നത്. എനിക്ക് മാസത്തില്‍ അഞ്ചു ലക്ഷം രൂപ ലഭിക്കുന്നുവെന്ന് എല്ലാവരും പറയും.
പക്ഷേ അതിന് നികുതിയുമുണ്ട്. അത് കഴിഞ്ഞ എത്ര ബാക്കിയുണ്ടാകും. ഞാന്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ സമ്പാദിക്കുന്നുണ്ടാകും. ഇവിടെ അധ്യാപകരുണ്ട്. അവരാണ് കൂടുതല്‍ സമ്പാദിക്കുന്നത്. വികസനത്തിനായാണ് നികുതി നല്‍കുന്നതെന്ന് പറയാനാണ് ഞാനിത്രയും പറഞ്ഞത്. അപ്പോള്‍ എല്ലാ നഷ്ടങ്ങളും എന്റേതും നിങ്ങളുടേതുമാണ്.
Discussion about this post