കൊല്‍ക്കത്ത : പ്രണയിനിയെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്ന യുവാവിനെ മടങ്ങിവരവില്‍ പശ്ചിമ ബംഗാളിലെ നാദിയയില്‍ നിന്ന് അതിര്‍ത്തി രക്ഷാസേന ശനിയാഴ്ച അറസ്റ്റ് ചെയ്തു.
നാദിയയിലെ ബല്ലവ്പൂര്‍ സ്വദേശിയായ ജയ്കാന്തോ ചന്ദ്ര റായ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂടെ ഭാര്യയും ബംഗ്ലദേശ് സ്വദേശിനിയുമായ പതിനെട്ടുകാരിയും അറസ്റ്റിലായിട്ടുണ്ട്. ഓണ്‍ലൈനിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നുവെന്ന് ഇരുവരും അറിയിച്ചു.ജൂണ്‍ 26ന് ബിഎസ്എഫിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അതിര്‍ത്തിപാതയില്‍ ഇവരെ കണ്ടെത്തിയത്.തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് ജയ്കാന്തോ അറിയിച്ചു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ താരക്‌നഗറിലുള്ള ഒരു ബ്രോക്കറുടെ സഹായത്തോടെ ജയ്കാന്തോ മാര്‍ച്ച് എട്ടിന് അതിര്‍ത്തി കടന്ന് ബംഗ്ലദേശിലെത്തി. മാര്‍ച്ച് പത്തിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ജൂണ്‍ 25വരെ ബംഗ്ലദേശില്‍ കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള ജയ്കാന്തോയുടെ ശ്രമത്തിനിടെയാണ് ഇരുവരും അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായത്.
താന്‍ ബംഗ്ലദേശ് സ്വദേശിനിയാണെന്നും ഭര്‍ത്താവിനൊപ്പം ഇന്ത്യയിലേക്ക് പോവുകയായിരുന്നുവെന്നും പെണ്‍കുട്ടി അറിയിച്ചു. രാജു മണ്ഡല്‍ എന്ന ബംഗ്ലദേശി ബ്രോക്കറിന് തങ്ങളെ അതിര്‍ത്തി കടത്താന്‍ പതിനായിരം ബംഗ്ലദേശി ടാക്ക പ്രതിഫലമായി നല്‍കിയതായും ഇവര്‍ പറഞ്ഞു.ദമ്പതിമാരെ പിന്നീട് ഭീംപൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇന്ത്യക്കാരന്‍ അതിര്‍ത്തി കടന്നത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മാത്രമാണെന്നും സംഭവത്തില്‍ മറ്റ് അവ്യക്തതകളില്ലെന്നും കമാന്‍ഡിങ് ഓഫീസര്‍ സഞ്ചയ് പ്രസാദ് സിങ് അറിയിച്ചു.