ന്യൂഡൽഹി: കേന്ദ്രസർക്കാരുമായി കൊമ്പുകോർത്ത് നിൽക്കുന്ന ട്വിറ്റർ വീണ്ടും പ്രകോപനവുമായി രംഗത്ത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പുറമെയാണിത്.
അതേസമയം, ട്വിറ്ററിന്റെ പുതിയ പ്രവർത്തി കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികൾ ക്ക് കാരണമാകുമെന്നാണ് സൂചന. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിക്കുന്നത്. രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.
ഈ വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ കേന്ദ്രം കടുത്ത നടപടികൾ ആലോചിച്ച് വരികയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷംജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ട്വിറ്റർ ചൈനയുടെ ഭാഗമായി കാണിച്ചതിൽ കേന്ദ്ര സർക്കാർ ശക്തമായ എതിർപ്പറിയിച്ച് ട്വിറ്റർ സിഇഒയ്ക്ക് കത്തയച്ചിരുന്നു.
ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്ററിന്റെ ശ്രമം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post