ജമ്മു : വ്യോമസേന താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന് ശേഷം കഴിഞ്ഞ രാത്രി സൈനിക കേന്ദ്രത്തിന് സമീപത്തെത്തിയ രണ്ട് ഡ്രോണുകള്‍ സൈനികര്‍ വെടിവെച്ച് തുരത്തി.
ജമ്മുവിലെ കലൂചക് സൈനിക കേന്ദ്രത്തിന് സമീപത്ത് രാത്രി 11.30നാണ് ആദ്യ ഡ്രോണ്‍ കാണപ്പെട്ടത്. ബ്രിഗേഡ് ആസ്ഥാനത്തിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ക്വിക്ക് റിയാക്ഷന് ടീം ഡ്രോണിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.1.30 ഓടെ എത്തിയ രണ്ടാമത്തെ ഡ്രോണിന് നേരെയും വെടിവെച്ചു. ഇതോടെ ഡ്രോണുകള്‍ പറന്നകന്നുവെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
സേനയുടെ ജാഗ്രതമൂലം വന്‍ ഭീഷണിയാണ് ഒഴിവായതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയിലാണെന്നും തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ഞായറാഴ്ചയാണ് വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആറ് മിനിറ്റ് ഇടവിട്ടുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
ഭീകര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് സ്ഥിരീകരിച്ചു. രാജ്യത്ത് സേനാ താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്നത് ആദ്യമാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള വ്യോമസേനാ താവളത്തിന് നേരെ ആക്രമണം നടത്തിയത് പാക്ക് ഭീകരരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
Discussion about this post