ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്റംഗ്ദള്‍ നല്കിയ പരാതിയില്‍ അറസ്റ്റിലായ മലയാളി പാസ്റ്റര്‍ക്ക് ഒടുവില്‍ മോചനം. സംഘപരിവാര്‍ സംഘടനയുടെ പരാതിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ പോലീസാണ് പാസ്റ്റര്‍ കെവി അബ്രഹാമിനേയും കുടുംബത്തേയും കസ്റ്റഡിയിലെടുത്തത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെട്ട് പാസ്റ്ററെ രക്ഷപ്പെടുത്തുകയായിരുന്നു. മീററ്റിലെ മവാനയില്‍ കൈക്കുഞ്ഞ് ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്ത പാസ്റ്ററെയും സംഘത്തെയുമാണ് യുപി കേഡറിലുള്ള മലയാളി ഉദ്യോഗസ്ഥന് മുഖേന നടത്തിയ ഇടപെടലിലൂടെ മോചിപ്പിച്ചതെന്ന് കണ്ണന്താനം അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ മവാനയില്‍ പ്രാര്ഥനയോഗം നടക്കുമ്പോഴാണ് പാസ്റ്റര്‍ കെവി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് പിടികൂടിയത്. സംഘത്തില്‍ സ്ത്രീകളും ഒരു വയസ്സുള്ള കുട്ടിയും ഉള്‍പ്പെട്ടിരുന്നു. മന്ത്രി കണ്ണന്താനത്തിനു വിവരം ലഭിച്ചപ്പോള്‍ യുപി കേഡറിലുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണിനെ വിവരം അറിയിച്ചു.
സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അവരുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചുവെന്നും കണ്ണന്താനം പറഞ്ഞു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഉത്തര്‍പ്രദേശ് പോലീസ് സംഘത്തെ വിട്ടയച്ചത്.
Discussion about this post