നാഗ്പുർ: മാതാപിതാക്കൾക്ക് മുന്നിൽ മതിപ്പുണ്ടാകാൻ വേണ്ടി 18കാരൻ ബാങ്ക് കൊള്ളയടിച്ച് കാറും സ്വർണാഭരണങ്ങളും സമ്മാനിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാരും പോലീസും. കവർച്ച നടത്തി മാതാപിതാക്കൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകാനായെങ്കിലും പോലീസ് പിടികൂടിയതോടെ നാണക്കേടും ജയിൽവാസവുമാണ് 18കാരനെ കാത്തിരുന്നത്. 18കാരനായ അജയ് ബഞ്ചാരയാണ് കൂട്ടാളി പ്രദീപ് ഠാക്കൂറിനൊപ്പം ബാങ്ക് കൊള്ളയടിക്കാനിറങ്ങിയത്.
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശികളായ ഇരുവരേയും പോലീസ് കഴിഞ്ഞദിവസമാണ് പിടികൂടിയത്. നാഗ്പുർ ഇന്ദിരാഗാന്ധി നഗറിലെ സഹകരണ ബാങ്കിൽനിന്ന് ഏകദേശം 4.7 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവുമാണ് ഇരുവരും കവർന്നത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ മോഷണമുതലുകൾ ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണമെല്ലാം പ്രതികൾ ചെലവഴിച്ചെന്നാണ് പോലീസ് പറഞ്ഞത്.
ബാങ്ക് കവർച്ചയ്ക്ക് ശേഷം അജയ് തന്റെ മാതാപിതാക്കൾക്ക് മോഷണമുതൽ കൊണ്ട് സമ്മാനങ്ങൾ വാങ്ങിനൽകി. അമ്മയ്ക്ക് 50,000 രൂപയുടെ ആഭരണങ്ങളും അച്ഛന് 40,000 രൂപയുടെ ഒരു സെക്കൻഡ് ഹാന്റ് കാറുമാണ് വാങ്ങിച്ചുനൽകിയത്. ഇതിന് പുറമേ അജയും പ്രദീപും വിലകൂടിയ മൊബൈൽ ഫോണുകളും വാങ്ങി.
സ്വന്തമായി പണമുണ്ടാക്കി മാതാപിതാക്കൾക്ക് മുന്നിൽ മതിപ്പുണ്ടാക്കാൻ വേണ്ടിയാണ് അജയ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതിയായ പ്രദീപ് ഠാക്കൂർ മാതാപിതാക്കളോട് പ്രതികാരം ചെയ്യാനായാണ് മോഷണത്തിനിറങ്ങിയത്. ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളോട് ധാരാളം പണമുണ്ടാക്കിയശേഷം പ്രതികാരം ചെയ്യണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം.പ്രതികളായ രണ്ടുപേരും വർഷങ്ങളായി ഒരുമിച്ച് ജോലിചെയ്യുന്നവരാണ്.
പ്രതികളെ കുറിച്ച് തെളിവില്ലായിരുന്നെങ്കിലും യുവാക്കളുടെ കൈയിൽ ധാരാളം പണമെത്തിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതോടെ ഇരുവരും നിരീക്ഷണത്തിലായി.
പിന്നാലെ പ്രതികൾ കവർച്ച നടത്തിയെന്ന് വീമ്പ് പറഞ്ഞുനടന്നതെന്നും വിനയായി. രാജസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സെക്കൻഡ് ഹാന്റ് കാർ കൂടി വാങ്ങി അതിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ പെട്ടെന്ന് ധാരാളം പണം ചെലവഴിച്ചതും മോഷണം നടത്തിയെന്ന് ചിലരോട് വീമ്പ് പറഞ്ഞതും പ്രതികൾക്ക് കുരുക്കാവുകയായിരുന്നു.