ജാര്‍ഖണ്ഡ്: വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് പുനര്വിവാഹതനായതില് പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ച് പുഷ്പ ദേവിയുടെ രോഷം. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ഗാര്‍ഹിക പീഡനത്തിനും തനിക്ക് വിവാഹമോചനം നല്‍കാതെ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്യുന്നുവെന്നും കാണിച്ച് പുഷ്പ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, യാതൊരു നടപടിയും കാണാത്തതിനെ തുടര്ന്് പുഷ്പ ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന് ദേശീയപാത ഉപരോധിക്കുകയായിരുന്നു.
വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് ഉമേഷ് യാദവ് പുഷ്പയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്നും, ഇതിന് പിന്നാലെ ഉമേഷ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും ചെയ്തുവെന്നും പുഷ്പ പറഞ്ഞു. പിന്നാലെയാണ് പോലീസിനെ സമീപിച്ചത്. പോലീസ് നടപടി എടുക്കാതെ വന്നതോടെ, ഉന്നത അധികാരികളെ ഹിന്ദു വിവാഹ നിയമം ചൂണ്ടിക്കാണിച്ച് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് പുഷ്പ ദേവിയും കുടുംബവും നിരത്തിലേയ്ക്ക് ഇറങ്ങിയത്.
ജിടി റോഡില്‍ നടത്തിയ പ്രതിഷേധം തിരക്കേറിയ ഡല്‍ഹി ഹൌറ ദേശീയപാതയില്‍ വരെ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് കാരണമായി. പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു നിരവധി ട്രക്കുകളും കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇതോടെ സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായി. പുഷ്പയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Discussion about this post