ന്യൂഡല്‍ഹി : അഭിഭാഷകരുള്‍പ്പടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാവരെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ജസ്റ്റിസ് എന്‍.വി.രമണ. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് കത്ത് നല്‍കിയത്.കോടതിയുമായി ബന്ധപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ കോടതിക്ക് പൂര്‍വ സ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. കോടതികളുടെ പ്രവര്‍ത്തനത്തെ ഡിജിറ്റല്‍ ഡിവൈഡ് ബാധിക്കുകയാണ്. ഗ്രാമീണ മേഖലകളിലും, ആദിവാസി മേഖലകളിലും കണക്ടിവിറ്റി ഉറപ്പാക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു.
മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ജൂനിയര്‍ അഭിഭാഷകര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.