പട്ന: മതപ്രഭാഷകനായി ബിഹാര്‍ മുന്‍ ഡിജിപി ഗുപ്തേശ്വര് പാണ്ഡ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഡിജിപി സ്ഥാനത്ത് നിന്ന് സ്വയം വിരമിച്ച പാണ്ഡെയ്ക്ക് പക്ഷേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നില്ല. പിന്നാലെ രാഷ്ട്രീയവും ഉപേക്ഷിച്ച് മതപ്രഭാഷകന്റെ വേഷത്തിലെത്തുകയായിരുന്നു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഭഗവത് ഗീത അടിസ്ഥാനമാക്കി കൃഷ്ണകഥകളാണ് പാണ്ഡെ പറയുന്നത്. എല്ലാ ദിവസവും രണ്ട് മണിക്ക് തുടങ്ങി മൂന്നിന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് 1987 ബാച്ച് ഐപിഎസുകാരനായ പാണ്ഡെ ഡിജിപി സ്ഥാനം ഉപേക്ഷിച്ച് ജെഡിയുവില്‍ ചേര്‍ന്നത്.
ബക്സര്‍ ജില്ലയിലെ ഗെരുവ ഗ്രാമത്തിലാണ് പാണ്ഡെ ജനിച്ചത്. പട്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഐപിഎസില്‍ ചേര്‍ന്നു. സംസ്കൃത പണ്ഡിതനായ പാണ്ഡെ നേരത്തെയും മതപരിപാടികളില്‍ സജീവമായിരുന്നു. ഗായകനായ പാണ്ഡെ ഭക്തിഗാന ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പാണ്ഡെ പാടിയ ഗാനം ബിഹാറില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ബോളിവുഡ് ഗായകന് ദീപക് താക്കൂറാണ് ഗാനം ഒരുക്കിയത്.
Discussion about this post