ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധം നടന്നെന്ന ആരോപണത്തിന് പിന്നാലെ ഉടലെടുത്ത കലാപത്തില്‍ അക്രമം അഴിച്ചുവിട്ട അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഗ്രാമത്തില്‍ പശുവിന്റെ അറുത്ത നിലയിലുള്ള ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
ഗോവധവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് മറ്റ് രണ്ടു പേരുടെ അറസ്റ്റ്.
നദീം, റയീസ്, കാല എന്നിവരാണ് ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പശുക്കളെ വെടിവെച്ച് കൊന്നശേഷം മാംസം മൂവരും വീതിച്ചെടുക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. സച്ചിന്‍ സിംഗ്, ജോനി ചൗധരി എന്നിവരാണ് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ബുലന്ദ്ഷഹര്‍ കലാപത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറും പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ദാദ്രി വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ലക്ഷ്യംവെച്ച് ആസൂത്രിതമായി നടന്ന കലാപമാണ് ബുലന്ദ്ഷഹറിലേതെന്ന് സംശയമുണ്ട്. സുബോധ് കുമാറിനെ വധിച്ച പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല. ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി.