ന്യൂഡല്‍ഹി : ഗാസിയാബാദില്‍ വയോധികനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ വിശദീകരണം നല്കാന് ട്വിറ്ററിന്റെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട യുപി പോലീസിന് കര്‍ണാടക ഹൈക്കോടതിയുടെ ചുട്ട മറുപടി. ട്വിറ്റര്‍ മേധാവി മനീഷ് മഹേശ്വരി ഗാസിയാബാദില്‍ നേരിട്ടെത്തേണ്ടെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ യുപി പോലീസ് അയച്ച സമന്‍സിന് കൂടുതല്‍ പരിഗണന ആവശ്യമാണെന്നും ജൂണ്‍ 29ലേക്ക് കേസ് മാറ്റിവെച്ചുവെന്നും കോടതി അറിയിച്ചു. അതുവരെ ട്വിറ്റര്‍ എംഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കരുതെന്നും കോടതി യുപി പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജ.നരേന്ദ്രന്റേതാണ് ഉത്തരവ്.
മനീഷിന് ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യുപി പോലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പോലീസ് അന്വേഷിക്കുന്നുണ്ടെങ്കില്‍ അത് വിര്‍ച്ച്വല്‍ വഴി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദര്‍ പറഞ്ഞു.രണ്ട് ദിവസത്തിനുള്ളില്‍ തനിക്ക് കിട്ടിയ പോലീസിന്റെ നോട്ടീസില്‍ സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് താന്‍ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞു.
“ജൂണ്‍ 17ന് യുപി പോലീസ് താന്‍ സാക്ഷിയാണെന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസ് നല്‍കിയത്. രണ്ട് ദിവസത്തിന് ശേഷം ലഭിച്ച മറ്റൊരു നോട്ടീസില്‍ സിആര്‍പിസി സെക്ഷന്‍ 41 പ്രകാരം തന്നെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല.ചില പ്രതികള്‍ വീഡിയോ അപ്ലോഡ് ചെയ്തു. എന്നാല്‍ അവര്‍ എനിക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.” മഹേശ്വരി പറഞ്ഞു.”ഞാന്‍ ബെംഗളുരുവിലാണ്. പോലീസ് ഇമെയില്‍ വഴിയാണ് എനിക്ക് നോട്ടീസ് അയച്ചത്. ഗാസിയാബാദിലേക്ക് വരാന്‍ എനിക്ക് കഴിയില്ലെന്ന് പറഞ്ഞ് ഞാന്‍ മറുപടി നല്കി. ഓണ്‍ലൈന്‍ വഴി ഹാജരാകാമെന്ന് പറയുകയും ചെയ്തു. പക്ഷേ അവര്‍ക്ക് എന്റെ ശാരീരിക സാന്നിധ്യം വേണം.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി പോലീസിന്റെ നടപടിയെ വിമര്‍ശിച്ച ഹൈക്കോടതി മഹേശ്വരി ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇന്ന് രാവിലെ ഗാസിയാബാദ് ലോണി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു യുപി പോലീസ് ആവശ്യപ്പെട്ടിരുന്നത്.എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതെ മഹേശ്വരി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വയോധികനെ ആക്രമിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ പേരിലും യുപി പോലീസ് കേസെടുത്തിരുന്നു.
വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഇത് പൂര്‍ണമായും നീക്കം ചെയ്യുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. വയോധികനെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ സാമുദായിക പ്രശ്നമാണെന്ന വീക്ഷണം പോലീസ് തള്ളി. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ അക്രമത്തിനിരയായ ആളുടെ കുടുംബം ഈ ആരോപണം തള്ളിയിട്ടുണ്ട്.
Discussion about this post