ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. യുപി, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ തൊഴിലവസരങ്ങള്‍ അപഹരിക്കുന്നു എന്നായിരുന്നു കമല്‍ നാഥിന്റെ വിവാദ പരാമര്‍ശം. യുപി, ബീഹാര്‍ സ്വദേശികള്‍ മധ്യപ്രദേശ് ജനതയുടെ കഞ്ഞിയില്‍ മണ്ണിടുന്നവരാണെന്നും കമല്‍ നാഥ് പരാമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.
അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തികഞ്ഞ അമര്‍ശം രേഖപ്പെടുത്തി. ഇത്തരത്തിലുള്ള സങ്കുചിത പ്രസ്താവനകള്‍ അനാവശ്യമാണെന്നും, മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേരുന്നതല്ലെന്നും അഖിലേഷ് പറഞ്ഞു. ‘ ഇതിനുമുമ്പ് ഇത്തരത്തിലുള്ള വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പ്രാദേശിക വാദം ഞങ്ങള്‍ കേട്ടത് മഹാരാഷ്ട്രയില്‍ നിന്നായിരുന്നു. ഇതേ വാദങ്ങള്‍ പിന്നീട് ദില്ലിയിലും കേള്‍ക്കുകയുണ്ടായി. ഇപ്പോള്‍ ഇതാ മധ്യപ്രദേശിലും…’ അഖിലേഷ് പറഞ്ഞു.
കമല്‍ നാഥിന്റെ പ്രസ്താവനകളെ വലിച്ചൊട്ടിച്ച് ബീഹാര്‍ ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ റായിയും രംഗത്തെത്തിയിരുന്നു. ജനങ്ങളെ ഇല്ലായ്മ ചെയ്യുന്ന കൊടും വിഷമാണ് അദ്ദേഹം ചീറ്റുന്നതെന്ന് നിത്യാനന്ദ പ്രതികരിച്ചിരുന്നു. കമല്‍ നാഥ് പോലും മധ്യപ്രദേശില്‍ വരത്തനാണെന്നും, സ്വദേശിവാദം ആദ്യം നടപ്പിലാക്കേണ്ടത് രാഷ്ട്രീയത്തിലാവുമെന്നും, മധ്യപ്രദേശിലെ ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗ്ഗിയ പറഞ്ഞു. കാണ്‍പൂരില്‍ ജനിച്ച് പശ്ചിമബംഗാളില്‍ പഠിച്ചു വളര്‍ന്ന കമല്‍നാഥിന് മധ്യപ്രദേശിലെ മുഖ്യമന്ത്രിയാവാമെങ്കില്‍ യുപി, ബീഹാര്‍ സ്വദേശികള്‍ക്കിവിടെ ജോലിയും ചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിക്ക് പുറമെ ബീഹാറിലെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ പോലും കമല്‍ നാഥിനെതിരെ വിമര്‍ശനമുന്നയിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ആര്‍ജെഡി വക്താവ് ഭായ് വിരേന്ദ്ര പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്വന്തം പാര്‍ട്ടിയുടെ ഒരു നേതാവ് ഇത്തരത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ അപഹസിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍, മറ്റു സംസ്ഥാനക്കാരായ തൊഴിലാളികളെ അടിച്ചോടിക്കാന്‍ കമല്‍ നാഥ് പറഞ്ഞിട്ടില്ലെന്നും. തൊഴിലില്ലായ്മയില്‍ വലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം പകരം വേണ്ടുന്ന കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് വക്താവായ കൊക്കാബ് കാദരി വിശദീകരിച്ചു.