ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായതിന് ശേഷം ഒരു പത്രസമ്മേളനം പോലും നടത്താത്ത മോഡിയെ പരിഹസിച്ച് മന്മോഹന് സിങ്ങ്. പ്രധാനമന്ത്രിയായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് മന്മോഹന് സിങ്ങ് പറഞ്ഞു.
‘മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രി ഞാനായിരുന്നില്ല. ഞാന്‍ സ്ഥിരമായി പത്രസമ്മേളനങ്ങള്‍ നടത്താറുണ്ട്. മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നടത്തിയ എല്ലാ വിദേശയാത്രകള്ക്കുമൊടുവില് പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാറുമുണ്ടായിരുന്നു’- മന്മോഹന് സിങ്ങ് പറഞ്ഞു.
ചേഞ്ചിങ്ങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുസ്തകത്തില്‍ അത്തരം നിരവധി പത്രസമ്മേളനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്’- ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞനായും പ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ച മന്മോഹന് സിങ്ങിന്റെ ജീവിതത്തെക്കുറിച്ചാണ് അഞ്ച് പതിപ്പുകളിലായി ഇറങ്ങുന്ന ചേഞ്ചിങ്ങ് ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നത്.
‘ആളുകള്‍ പറയുന്നു ഞാന്‍ നിശബ്ദനായ ഒരു പ്രധാനമന്ത്രിയായിരുന്നുവെന്ന്, ഈ പുസ്തകങ്ങള്‍ അതിന് മറുപടി തരും. പ്രധാനമന്ത്രി പദത്തിലിരിക്കെയുള്ള എന്റെ നേട്ടങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയാന്‍ ഞാനില്ല. എന്നാല്‍ ആ സമയത്ത് നടന്ന കാര്യങ്ങള്‍ വസ്തുതാപരമായി ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികളുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളരുമെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.
Discussion about this post