ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം കെട്ടടങ്ങുമ്പോള്‍ അടുത്ത ആശങ്കയായി കോവിഡിന്റെ പുതിയ ഡെല്‍റ്റ പ്ലസ് വകഭേദം. ഈ വകഭേദം അതീവ അപകടകാരിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനോടകം ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ച കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേകം മുന്നറിയിപ്പ് നല്‍കി.
കേരളം ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലായി ഇതിനോടകം 22 പേര്‍ക്കാണ് ഡെല്‍റ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. ഡെല്‍റ്റാ പ്ലസ് സ്ഥിരീകരിച്ച ജില്ലകളിലും പ്രദേശങ്ങളിലും അടിയന്തരമായി കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇവിടങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കണമെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിനേഷന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കണം. നിലവില്‍ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് പുതിയ വകഭേദം പിടിപെട്ടത്. ഈ സംഖ്യ വര്‍ധിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദേശീയ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ വികെ പോള്‍ വ്യക്തമാക്കി. പുതിയ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്.
Discussion about this post