ഐസ്വാൾ: കൂടുതൽ മക്കളുള്ള മിസോറാമിലെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. മിസോറാമിലാണ് സംബവം. കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നൽകുമെന്ന് മിസോറാം മന്ത്രിയാണ് പ്രഖ്യാപിച്ചത്. കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്തെയാണ് തന്റെ നിയോജക മണ്ഡലത്തിൽ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാവിന് പാരിതോഷികം പ്രഖ്യാപിച്ചത്.
ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മന്ത്രി റോയ്തെയുടെ നടപടി. ഞായറാഴ്ച ഫാദേഴ്സ് ഡേയോട് അനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാൾ ഈസ്റ്റ്2 വിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നൽകുമെന്ന് റോയ്തെ അറിയിച്ചത്. എന്നാൽ പാരിതോഷികം ലഭിക്കാൻ എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ മന്ത്രി സൂചന നൽകിയിട്ടില്ല.
കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചു. റോയ്തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കൺസൾട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്.
2011 ലെ ജനസംഖ്യാകണക്കനുസരിച്ച് 10,91,015 പേരാണ് മിസോറാമിലുള്ളത്. സംസ്ഥാനത്തിന്റെ വലിപ്പം ഏകദേശം 21,087 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 52 പേർ മാത്രമാണ് അധിവസിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളിൽ അരുണാചൽ പ്രദേശിന് പിന്നിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മിസോറാം.
അതേസമയം, അയൽസംസ്ഥാനമായ അസമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാരാനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ നയം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കൂടാതെ കുടിയേറ്റ മുസ്ലിങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ നിർദേശിക്കുകയും ചെയ്തു.
Discussion about this post