ന്യൂഡല്‍ഹി : പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സീനേഷന്‍ ഏര്‍പ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ചുള്ള ബാനറുകള്‍ സ്ഥാപിക്കാന്‍ യുജിസി കോളേജുകള്‍ക്ക് നിര്‍ദേശം നല്‍കി.
പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ നല്‍കുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച സര്‍വകാലാശാല അധികൃതര്‍ക്ക് യുജിസി സെക്രട്ടറി രജ്‌നിഷ് ജെയ്‌നിന്റെ വാട്‌സ് ആപ്പ് സന്ദേശമെത്തുകയായിരുന്നു. ബാനറുകള്‍ സ്ഥാപിച്ച് സോഷ്യല്‍ മീഡിയ പേജുകളില്‍ അവയുടെ ചിത്രം പോസ്റ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
‘2021 ജൂണ്‍ 21 മുതല്‍ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്കായി സര്‍ക്കാര്‍ സൗജന്യ വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളും കോളേജുകളും ഇതിന്റെ ഹോര്‍ഡിംഗുകളും ബാനറുകളും അവരുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അഭ്യര്‍ഥിക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഹോര്‍ഡിംഗുകളുടേയും ബാനറുകളുടെയും അംഗീകൃത രൂപകല്പന കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നല്‍കിയതുപോലെയാകുന്നതിനായി രൂപരേഖ അറ്റാച്ച് ചെയ്തിരിക്കുന്നു’ എന്നതാണ് സന്ദേശം.
അറ്റാച്ച് ചെയ്തുനല്‍കിയ പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം നന്ദി പ്രധാനമന്ത്രി മോഡി എന്നെഴുതിയിട്ടുണ്ട്. ഡല്‍ഹി,ഹൈദരാബാദ് സര്‍വകലാശാലകള്‍ ഇതിനോടകം ബാനറുകളും ഹോര്‍ഡിംഗുകളും സ്ഥാപിച്ച് കഴിഞ്ഞു. സര്‍വകലാശാലളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഇവ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. താങ്ക്യൂമോദിജീ എന്ന ഹാഷ്ടാഗിനൊപ്പമാണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നന്നത്.
നടപടിക്കെതിരെ അക്കാഡമിക് വിദഗ്ധര്‍,വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ പ്രചാരണ ആയുധങ്ങളല്ലെന്ന് ഡല്‍ഹി സര്‍വകലാശാല പ്രഫസറും മുന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ രാജേഷ് ഥാ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ യുജിസി പ്രതികരിച്ചിട്ടില്ല.