ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമം ജൂലൈയോടെ പരിഹരിക്കാനാകുമെന്നും ഡിസംബറോടെ രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകൾ കുറയുമ്പോൾ നിയന്ത്രണങ്ങൾ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാൻ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ എടുക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണമായും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പാടുള്ളൂവെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ് വ്യക്തമാക്കി.
രാജ്യത്ത് വാക്സിന്റെ ദൗർലഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകൾക്ക് നൽകാനുള്ള വാക്സിൻ ഡോസുകൾ ലഭ്യമാകും. ഡിസംബറോടെ മുഴുവൻ പേർക്കും വാക്സിൻ നൽകാൻ സാധിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും ഐസിഎംആർ മേധാവി അറിയിച്ചു.
മേയ് ഏഴ് മുതൽ രാജ്യത്ത് കോവിഡ് കേസുകളിൽ കുറവുണ്ട്. മേയ് 28 മുതൽ പ്രതിദിനം രണ്ടു ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതൽ 69 ശതമാനത്തോളം കേസുകൾ കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോവിഷീൽഡ് വാക്സിനുകളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തിയെന്ന വാർത്തകളും ആരോഗ്യമന്ത്രാലയം നിഷേധിച്ചു. മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും രണ്ടു ഡോസ് വാക്സിൻ നിർബന്ധമായും നിലവിൽ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആദ്യ ഡോസ് നൽകിയ 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കോവാക്സിനും ഇതേ ഷെഡ്യൂൾ ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. രണ്ടു വ്യത്യസ്ത വാക്സിൻ ഡോസ് എടുക്കുന്നത് നിലവിൽ അനുവദനീയമല്ല. രണ്ടു ഡോസും ഒരേ വാക്സിൻ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോൾ. വാക്സിനുകൾ ഇടകലർത്തി എടുക്കുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഗവേഷണം നടക്കുന്നുള്ളൂവെന്നും ഫലത്തെ കുറിച്ച് ശാസ്ത്രം തന്നെ അതിന് ഉത്തരം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.