ന്യൂഡൽഹി: ജമ്മുകാശ്മീരിനെ സംബന്ധിച്ച ഏറെ വിവാദമായ കേന്ദ്രസർക്കാർ തീരുമാനം പിൻവലിച്ചേക്കും. ജമ്മുകശ്മീരിന് വീണ്ടും സംസ്ഥാന പദവി നൽകാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ആലോചനയെന്ന് റിപ്പോർട്ടുകൾ. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇക്കാര്യത്തിൽ ജൂൺ 24ന് നടക്കുന്ന കശ്മീരിലെ രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന പദവി തിരികെ നൽകിയാലും ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി ഇനി ഏർപ്പെടുത്തില്ലെന്നാണ് സൂചന. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയെന്നാണ് വാർത്തകൾ.
2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞത്. ആർട്ടിക്കൾ 370 പ്രകാരം കാശ്മീരിന് ലഭിക്കുന്ന പ്രത്യേക അവകാശങ്ങളാണ് ഇല്ലാതാക്കിയത്. പിന്നീട് ജമ്മുകാശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തിരുന്നു.
Discussion about this post