മുംബൈ: ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ വിലകല്‍പ്പിക്കാതിരുന്ന രാജ്യം ഇന്ന് അവരെ അംഗീകരിച്ചുകഴിഞ്ഞു. മേക്കപ്പ് ആര്‍ട്ടിസ്റ്റായും സിനിമാ താരമായും പല മേഖലകളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തിളങ്ങി കഴിഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിവാഹവും ഇന്ന് നടക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ ആദ്യത്തെ ഫോട്ടോ ജേര്‍ണലിസ്റ്റ് പദവിയിലേയ്ക്ക് എത്തിയ സോയയുടെ ജീവിതമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഭിക്ഷാടനത്തില്‍ നിന്ന് തുടങ്ങിയ ജീവിതമാണ് സോയയുടേത്.
സോയയുടെ ജീവിതം ഇങ്ങനെ;
മുംബൈയിലെ മാഹിം കപഡ് ബസാറിലാണ് അവള്‍ വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതിനാല്‍ അമ്മയ്ക്ക് രണ്ട് മക്കളെ വളര്‍ത്തുക എന്നത് പ്രയാസമുള്ള കാര്യമായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസ്സില്‍ വെച്ച് സോയ പഠനം ഉപേക്ഷിച്ചു. പതിനൊന്ന് വയസായപ്പോഴാണ് സോയ തന്‍ മറ്റ് ആണ്‍കുട്ടികളെ പോലെയല്ലായെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ വഴക്കും കളിയാക്കലുകളും ഭയന്ന് അവളത് മൂടിവെച്ചു.
പക്ഷേ, മാഹിമിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിയപ്പോള്‍ അവള്‍ കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ഗേ ആണ് എന്ന് പറയാനുള്ള ധൈര്യം കാണിച്ചു. പതിനേഴാം വയസിലാണ് തന്റെ ഗുരുവായ സല്മയെ സോയ കണ്ടു മുട്ടുന്നത്. സല്‍മ ആയിരുന്നു സോയയെ ട്രാന്‍സ്‌ജെന്‍ഡറായി അംഗീകരിച്ച ആദ്യ വ്യക്തി. സല്‍മ വഴി അവരുടെ കൂട്ടത്തിലുള്ള മറ്റുള്ളവരെ സോയ പരിചയപെട്ടു. പെട്ടെന്ന് തന്നെ അവളും അവരിലൊരാളായി മാറി. സല്‍മ അവളെ അവരുടെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിപ്പിച്ചു.
ആദ്യമായി ട്രെയിനില്‍ യാചിക്കാന്‍ പോയ ദിവസം സോയ ഇന്നും ഓര്‍ക്കുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കൊപ്പമാണ് സോയ എന്നറിഞ്ഞ ‘അമ്മ അവള്‍ ലൈംഗികത്തൊഴിലാളിയാകുമോ എന്ന് ഭയപ്പെട്ടിരുന്നു. ആദ്യ ദിവസം സോയ യാചിക്കാന്‍ കയറിയ ട്രെയിനില്‍ അവളെ നിരീക്ഷിക്കാനായി അമ്മയും കയറി. താന്‍ പണത്തിനായി യാചിക്കുമെന്നും സ്വയം വില്‍ക്കില്ലെന്നും അവള്‍ അമ്മയ്ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ യാചിക്കുന്നത് കണ്ട് ഒരു മാസത്തേക്ക് അമ്മ അസ്വസ്ഥയായിരുന്നു. ഒരു മാസത്തിന് ശേഷം അമ്മ അവളെ അംഗീകരിച്ചു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്ക് ആരും തൊഴില്‍ നല്‍കില്ല. ഭക്ഷണം കഴിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെയാവുമ്പോഴാണ് യാചിക്കുന്നത്’ എന്ന് സോയ പറയുന്നു.
2016 ല്‍ സോയയുടെ അമ്മ മരിച്ചു. 2018 വരെ സോയ യാചന തുടര്‍ന്നു. പോലീസിനെ ഭയന്നായിരുന്നു അവള്‍ യാചന തുടര്‍ന്നിരുന്നത്, അവര്‍ കണ്ടാല്‍ 1200 രൂപ പിഴ നല്‍കേണ്ടി വരും. ട്രെയിനിലെ ഈ സമയത്ത് ആകെ കഴിക്കുന്നത് വടപാവോ മറ്റോ ആണ്. വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നല്ല ആഹാരം കഴിച്ചിരുന്നത്. ചില ദിവസങ്ങളില്‍ 1500 രൂപ വരെ കിട്ടും ചിലപ്പോള്‍ 500-800 ഒക്കെയാവും കിട്ടുന്നത്. പത്ത് വര്‍ഷത്തോളം യാചിക്കല്‍ തുടര്‍ന്നു. ഒരിക്കല്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ബാന്ദ്രാ സ്റ്റേഷന് പുറത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് കണ്ടു. അവള്‍ വീട്ടിലേക്ക് ഓടിച്ചെന്ന് ക്യാമറയുമായി വന്നു. ആ ചിത്രങ്ങളെടുത്തു. അത് വലിയ പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു. അന്നാണ് അവളുടെ പേര് ആദ്യമായി ആ പ്രസിദ്ധീകരണങ്ങള്‍ കേള്‍ക്കുന്നത്.
2018 -ല്‍ യൂട്യൂബില്‍ ‘ഹിജ്റ ഷാപ് കി വര്‍ദാന്‍ പാര്‍ട്ട് 1’ കണ്ടുകൊണ്ടിരിക്കെ ഒരുദിവസം ചില കൃത്യതയില്ലായ്മ അവള്‍ കമന്റായി ചേര്‍ത്തു. ഇത് ചിത്രത്തിന്റെ തുടര്‍ച്ചയില്‍ അഭിനയിക്കാനും അവളുടെ പ്രകടനത്തിന് ഒരു അവാര്‍ഡ് ലഭിക്കാനും കാരണമായി. ‘സിനിമാമേഖല പലപ്പോഴും പുരുഷന്മാരെ വേഷം കെട്ടിച്ചാണ് ട്രാന്‍സ്‌ജെന്‍ഡറായി അവതരിപ്പിക്കുന്നത്. അതിന് പകരം എത്രയോ തൊഴിലില്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളുണ്ട്’ എന്ന അവളുടെ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അവളുടെ സിനിമയ്ക്ക് യൂട്യൂബില്‍ നാല് മില്ല്യണ്‍ കാഴ്ചക്കാരുണ്ടായി. ഒരു പ്രാദേശിക കോളേജ് മീഡിയ ഏജന്‍സിയുടെ ഒരു പ്രതിനിധി അവളുടെ പ്രസംഗം കേട്ട് അവളെ ശ്രദ്ധിച്ചു. ആ വര്‍ഷം അവസാനം അവള്‍ക്ക് ഒരു റിപ്പോര്‍ട്ടറുടെ ജോലി വാഗ്ദാനം ചെയ്തു.
അപ്പോഴും പ്രസ് കാര്‍ഡ് കൊണ്ട് എന്ത് ചെയ്യണമെന്ന് അവള്‍ക്ക് അറിവില്ലായിരുന്നു. അവള്‍ യാചിക്കുന്നത് തുടര്‍ന്നു. അങ്ങനെ 30,000 രൂപ സ്വരുക്കൂട്ടി അവളൊരു സെക്കന്‍ഡ്ഹാന്‍ഡ് ക്യാമറ വാങ്ങി. പിന്നീട് 2019 ല്‍, പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടത് അവളെ ശരിയായ പാതയിലേക്ക് നയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ അവരുടെ തുല്യ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന ‘പിങ്ക് റാലി’യുടെ ചിത്രം പകര്‍ത്തിയത് ഇ.പി.എ.യുടെ (യൂറോപ്യന്‍ പ്രസ്‌ഫോട്ടോ ഏജന്‍സി) സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ് ദിവ്യകാന്ത് സോളങ്കി ശ്രദ്ധിച്ചു. അദ്ദേഹം അവളെ ഫോട്ടോജേണലിസത്തിന്റെ സൂക്ഷ്മതയെ കുറിച്ച് ബോധ്യപ്പെടുത്തി.
വൈല്‍ഡ് ലൈഫ് ഫോട്ടോകളും മഹാമാരിക്കാലത്തെ ചിത്രങ്ങളുമടക്കം നിവധി ചിത്രങ്ങള്‍ അവളുടെ ക്യാമറ കണ്ണുകള്‍ പകര്‍ത്തിയിട്ടുണ്ട്. നേരത്തെ അവള്‍ ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് അറിഞ്ഞ് അകന്നുപോയ സഹോദരിപോലും ഇന്ന് അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ട്.