ഭോപ്പാല്‍: ദേശീയപാതയില്‍ വാഹനമിടിച്ച് ഏഴ് മാസം പ്രായമുള്ള കടുവ ചത്തു. മധ്യപ്രദേശിലെ ഉമരിയ വനമേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. പാത മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉമരിയ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെ ഗുങ്ഘുട്ടി റേഞ്ചിലാണ് അപകടമുണ്ടായത്.
കടുവയുടെ ശരീരത്തിന് അധികം ക്ഷതമേല്ക്കാത്തതിനാല് ചെറിയ വാഹനമായിരിക്കാം ഇടിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ മോഹിത് സൂദ് അറിയിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാവണം സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായതായും ബന്ധവ്ഗര്‍ ടൈഗര്‍ റിസര്‍വിലുള്ള കടുവയല്ലെന്ന കാര്യം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും സംരക്ഷിത വനമേഖലയില്‍ നിന്നുള്ളതാണ് അപകടത്തില്‍ പെട്ട കടുവയല്ലെന്നാണ് പ്രാഥമിക നിഗമനമെന്നും സൂദ് അറിയിച്ചു. ഭാവിയില്‍ ഇത്തരം ദാരുണ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ബോര്‍ഡുകള്‍ ദേശീയ പാതയില്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ എന്‍എച്ച്-43 ല്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടതായും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ മറ്റു ചില നടപടികള്‍ കൂടി കൈക്കൊണ്ടതായും അദ്ദേഹം അറിയിച്ചു.
Discussion about this post