ലുധിയാന : പിണങ്ങിപ്പോയ ഭര്‍ത്താവിനെ തേടി മണിക്കൂറുകള്‍ അലഞ്ഞ പത്തൊമ്പതുകാരിക്ക് പോലീസിന്റെ സഹായത്തോടെ ലക്ഷ്യസാഫല്യം. പട്ന സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെത്തേടി അലഞ്ഞത്.
ലുധിയാനയിലെ താബ്രി പ്രദേശത്തുള്ള ഫാക്ടറിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത് എന്നല്ലാതെ മറ്റൊരു വിവരവും യുവതിക്ക് അറിവുണ്ടായിരുന്നില്ല. യാത്രയ്ക്കായി കയ്യില്‍ പണമോ ടിക്കറ്റോ പോലുമില്ലാതെയാണ് യുവതി വീട്ടില്‍ നിന്നിറങ്ങുന്നത്. ഫോണ്‍ വിളിച്ച് ആരെയെങ്കിലും ബന്ധപ്പെടാനാണെങ്കില്‍ മൊബൈല്‍ ഫോണുമില്ല.
ജൂണ്‍ 13നാണ് യുവതി പട്നയിലെ വീട്ടില്‍ നിന്ന് യാത്ര തിരിക്കുന്നത്. ഞായറാഴ്ച ലുധിയാനയിലെത്തി. എന്നാല്‍ എവിടേക്ക് പോകണമെന്നറിയാതെ കുഴങ്ങി നിന്ന യുവതിയെ ബുദ്ധദേവ് എന്ന പ്രദേശവാസി കണ്ടെത്തുന്നതോടെയാണ് കഥ മാറുന്നത്. ബുദ്ധദേവ് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി പോലീസിനെ വിവരം ധരിപ്പിച്ചു. പോലീസ് കമ്മിഷണറായ പ്രാഗ്യാ ജെയ്ന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഭര്‍ത്താവിനെ കണ്ടെത്തുന്നതുവരെ യുവതിക്ക് താമസിക്കാനുള്ള ഏര്പ്പാടൊരുക്കുകയും ചെയ്തു.
ഭര്‍ത്താവിന്റേതെന്ന് പറഞ്ഞ് യുവതി നല്‍കിയിരുന്ന ഫോണ്‍ നമ്പരില്‍ അവസാന അക്കം ഉണ്ടായിരുന്നില്ല. പോലീസ് അന്വേഷണത്തിലൂടെ ശേഖരിച്ച നിരവധി ചിത്രങ്ങളും മറ്റും കാണിച്ചാണ് അവര്‍ ഭര്‍ത്താവിനെ തിരിച്ചറിഞ്ഞത്. ലുധിയാനയിലെ ഒരു ഇരുമ്പ് ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവിനെ ഏഴ് മണിക്കൂറിനുള്ളില്‍ പോലീസ് യുവതിക്കൊപ്പമെത്തിച്ചു. യുവതിയെ സ്വീകരിക്കാന്‍ ആദ്യം ഭര്‍ത്താവ് വിസമ്മതിച്ചുവെങ്കിലും ഇരുവരും കൗണ്‍സിലിങ്ങിന് സമ്മതിച്ചു. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കുമെന്ന് ഉറപ്പുപറഞ്ഞാണ് ഇരുവരും പോലീസ് സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്.
അഞ്ച് വര്‍ഷം മുമ്പാണ് തങ്ങളുടെ വിവാഹം കഴിഞ്ഞതെന്നും രണ്ട് കുട്ടികളുണ്ടെന്നും യുവതി പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിയതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് പട്നയിലെ സ്വന്തം വീട്ടിലേക്ക് അയക്കുകയും ഇനി ഒരിക്കലും തിരിച്ച് ബീഹാറിലെ ഭര്‍തൃഗൃഹത്തിലേക്ക് കൂട്ടില്ലെന്ന് മുന്നറിയിപ്പ് നല്കി ജോലിസ്ഥലത്തേക്ക് പോവുകയുമായിരുന്നു. ഇതോടെയാണ് യുവതി ഭര്‍ത്താവിനെ തേടിയിറങ്ങിയത്.
Discussion about this post