ദുബായിയില്‍ അമ്മയെ കൊവിഡ് എടുത്തതോടെ തനിച്ചായി ദേവേഷിന; എംകെ സ്റ്റാലിന്റെ ഇടപെടലില്‍ നാട്ടിലേയ്ക്ക്

MK Stalin | Bignewslive

ദുബായിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ തനിച്ചായ പത്തുമാസം പ്രായമുള്ള തമിഴ്കുട്ടി ദേവേഷിനെ നാട്ടിലേയ്ക്ക് എത്തിക്കും. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ വളരെ പെട്ടെന്ന് നാട്ടിലെത്തിക്കാനായത്.

രാവിലെ 11.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുച്ചിയിലേയ്ക്കാണ് ദേവേഷിനെ കൊണ്ടുപോകുകയെന്ന് ഇതിന് നേതൃത്വം നല്‍കിയ സാമൂഹിക പ്രവര്‍ത്തകനും ഡിഎംകെ യുഎഇ പ്രസിഡന്റുമായ എസ്.എസ്.മീരാന്‍, മലയാളി സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ നാസര്‍, മുഹമ്മദ് എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം 29 നാണ് തമിഴ്‌നാട് തിരുച്ചി കല്ലാകുറിച്ചി സ്വദേശിനി ഭാരതി(40) ദുബായിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിന് ഒരു മാസം മുന്‍പ് ജോലി തേടി യുഎഇയിലെത്തിയ ഇവര്‍ കൂട്ടുകാരിയും തമിഴ് നാട്ടുകാരിയുമായ ജെറീനാ ബീഗത്തിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലാവുകയും മരിക്കുകയുമായിരുന്നു.

ഇതോടെ വീട്ടുജോലി ചെയ്തു ജീവിക്കുന്ന ജെറീനാ ബീഗം ദേവേഷിനു സംരക്ഷണം നല്‍കുകയായിരുന്നു. എന്നാല്‍,. കുട്ടിയെ വിട്ടു ജോലിക്ക് പോകാന്‍ പ്രയാസം നേരിട്ടപ്പോള്‍ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരോടു സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.

Exit mobile version