ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സംബന്ധിച്ച തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് എംപി ശശി തരൂര്‍. അയോധ്യ േേക്ഷത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. രാമന്റെ ജന്മദേശത്ത് ക്ഷേത്രം വേണമെന്ന് എല്ലാ ഹിന്ദുക്കളും ആഗ്രഹിക്കും. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. രാഷ്ട്രീയ യജമാനന്‍മാരെ സഹായിക്കുന്നതിന്റെ ഭാഗമായി ചില മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തരൂര്‍ ആരോപിച്ചു.
ദ ഹിന്ദു ലിറ്റ് ഫോര്‍ ലൈഫ് ഡയലോഗ് 2018ല്‍ തരൂര്‍ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് വഴിയൊരുക്കിയത്. മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം തകര്‍ത്ത് അവിടെ ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദു ആഗ്രഹിക്കുന്നില്ല എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ഇതോടെ ബിജെപി തരൂരിനെതിരെ രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്നാണ് ശശി തരൂര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.