‘ പഠനം നിര്‍ത്തിക്കോളൂ, പക്ഷേ എനിക്കൊരു വാക്ക് നീ തരണം’ ! അച്ഛനു കൊടുത്ത വാക്ക് പാലിച്ച് മുഖ്യമന്ത്രി പദത്തിലേക്കെത്തി ഭൂപേശ് ബാഘേല്‍

37 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകന്‍ വാക്ക് പാലിച്ചിരിക്കുന്നു. ചത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേശ് ബാഘേല്‍ ചുമതലയേറ്റ ദിവസത്തിന് അങ്ങനെയൊരു വാക്ക് പാലിക്കലിന്റെ ചരിത്രം കൂടിയുണ്ട്.

ന്യൂഡല്‍ഹി: ‘പഠനം നിര്‍ത്തിക്കോ, പക്ഷേ മുഖ്യമന്ത്രിയാകണം’ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേശ് ബാഘേലിന്റെ പിതാവിന്റെ വാക്കുകളാണിത്. സാധാരണ മക്കള്‍ പഠനത്തില്‍ താല്‍പര്യം കാണിച്ചിട്ടില്ലെങ്കില്‍ രക്ഷിതാവിന്റെയും ആധിയാണ്. എന്നാല്‍, ആ പിതാവിന് മകന്‍ പഠനം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ തെല്ലും പരിഭ്രമമുണ്ടായില്ല. കാരണം പഠനത്തില്‍ പിന്നോട്ടാണെങ്കിലും തനിക്ക് തന്ന വാക്ക് അവന്‍ പാലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

37 വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകന്‍ വാക്ക് പാലിച്ചിരിക്കുന്നു. ചത്തീസ്ഗഢിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേശ് ബാഘേല്‍ ചുമതലയേറ്റ ദിവസത്തിന് അങ്ങനെയൊരു വാക്ക് പാലിക്കലിന്റെ ചരിത്രം കൂടിയുണ്ട്.

ശാസ്ത്രത്തില്‍ ബിരുദപഠനം തുടങ്ങിയപ്പോഴായിരുന്നു ഭൂപേശ് ബാഘേലിന് പഠനത്തില്‍ താല്‍പര്യം ഇല്ലാതായത്. പഠനം ഉപേക്ഷിക്കാന്‍ കക്ഷി തീരുമാനിച്ചു. വിവരം അറിഞ്ഞപ്പോള്‍ പിതാവ് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു. രാഷ്ട്രീയത്തിലേക്കാണെന്നറിഞ്ഞതോടെ പഠനം നിര്‍ത്തിക്കോളൂ, പക്ഷേ എനിക്കൊരു വാക്ക് നീ തരണം. നീ എന്നെങ്കിലുമൊരിക്കല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന്.

അന്ന് അവിഭക്ത മധ്യപ്രദേശിന്റെ ഭാഗമായിരുന്നു ഛത്തീസ്ഗഡ്. ഭൂപേശ് എന്ന ചെറുപ്പക്കാരന്‍ ആ വെല്ലുവിളി ഏറ്റെടുത്തു ശാസ്ത്രലോകത്തിന് ഭൂപേശിനെ നഷ്ടപ്പെട്ടപ്പോള്‍ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിന് അതൊരു മുതല്‍ക്കൂട്ടായി. രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് മൂന്ന് പതിറ്റാണ്ടിനിപ്പുറം ഭൂപേശ് ബാഘേല്‍ മുഖ്യമന്ത്രി പദത്തിലേക്കത്തിയത് കഠിനാധ്വാനത്തിന്റെ തേരിലേറിയായിരുന്നു.

പദയാത്ര എന്ന രാഷ്ട്രീയ തന്ത്രത്തെ പുതിയ മാര്‍ഗമാക്കി പരീക്ഷിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് ഗോദായില്‍ ഭൂപേശ് ബാഘേല്‍ ചെയ്തത്. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ആരാഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചുമായിരുന്നു എല്ലാക്കാലവും ഭൂപേഷിന്റെ രാഷ്ട്രീയയാത്ര. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 10,000 കിലോമീറ്റര്‍ ദൂരം നടന്നു സഞ്ചരിച്ച ചരിത്രമുണ്ട് ഭൂപേശിന്. 2003ല്‍ ഛത്തീസ്ഗഡിലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ഭൂപേഷ് വിജയിച്ച് നിയമസഭയിലെത്തി. അന്ന് പ്രതിപക്ഷ ഉപനേതാവായി. 2008ല്‍ പക്ഷേ പരാജയം രുചിച്ചു. വീണ്ടും 2013ല്‍ നിയമസഭയിലെത്തി.

ഭൂപേഷ് ബാഘേല്‍ പിസിസിയുടെ തലപ്പത്തേക്ക് വരുമ്പോള്‍ അജിത് ജോഗിയുടെ കോണ്‍ഗ്രസ് ബിജെപിയുടെ രമണ്‍ സിങ്ങിന്റെ ബി ടീമാണെന്ന ആക്ഷേപം കേള്‍പിച്ച കാലം. ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അവസാന നിമിഷം നോമിനേഷന്‍ പിന്‍വലിപ്പിച്ച ജോഗിയുടെ നാടകം വച്ചുപൊറുപ്പിക്കാനാകില്ല എന്ന് കടുത്ത തീരുമാനം എടുത്തതും ബാഘേലായിരുന്നു.

അങ്ങനെയാണ് ജോഗി കോണ്‍ഗ്രസ് വിടുന്നത്. ബിജെപി നേതാവിനെതിരെ ഇറക്കിയ വ്യാജ സിഡി കേസില്‍ പ്രതിയായിട്ടും ജാമ്യമെടുക്കാന്‍ തയ്യാറാകെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പോയി. രമണ്‍ സിങ്ങിന്റെ പതനം കാണാതെ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന ഉറച്ച തീരുമാനവും ബാഘേല്‍ കൈക്കൊണ്ടു. അതെല്ലാം തിരുത്തിക്കുറിച്ച് ഭൂപേഷ് പാര്‍ട്ടിയെ ശക്തമാക്കി. സംസ്ഥാനത്ത് വന്‍ സ്വാധീനമുള്ള കുര്‍മി സമുദായത്തില്‍ നിന്നാണ് ഭൂപേഷിന്റെ വരവ്. ഛത്തീസ്ഗഡ് മാനവ കുമരി ഛാത്രിയ സമാജത്തിന്റെ നേതാവ് കൂടിയാണ് 1993 മുതല്‍ ഭൂപേഷ്.

Exit mobile version