2 കോടിയില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ 18 കോടിയിലേക്ക് : ശ്രീരാമക്ഷേത്ര ട്രസ്റ്റിനെതിരെ ആരോപണം

Ayodhya | Bignewslive

അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണച്ചുമതലയുള്ള ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്രട്രസ്റ്റ് ഭൂമി ഇടപാടില്‍ അഴിമതി നടത്തിയതായി ആരോപണം. സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് റിയല്‍ എസ്റ്റേറ്റ് ഡീലേഴ്‌സ് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം നിമിഷങ്ങള്‍ക്കുള്ളില്‍ ട്രസ്റ്റിന് 18.5 കോടി രൂപയ്ക്ക് മറിച്ച് വിറ്റുവെന്നാണ് ആരോപണം.

സമാജ് വാദി പാര്‍ട്ടി, ആം ആദ്മി എന്നിവരാണ് ആരോപണം ഉന്നയിച്ചത്. ചില പ്രാദേശിക ബിജെപി നേതാക്കളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് മുന്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എയും ഉത്തര്‍പ്രദേശ് മന്ത്രിയുമായ പവന്‍ പാണ്ഡെ ആരോപിച്ചു. ഇത് സംബന്ധിച്ച് ചില രേഖകള്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളിലാണ് വസ്തുവില 2 കോടിയില്‍ നിന്ന് 18 കോടിയായി ഉയര്‍ന്നതെന്നും ഇതില്‍ തീര്‍ച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നുമാണ് പവന്‍ പാണ്ഡെ ആരോപിച്ചത്.

മാര്‍ച്ച് 18ന് രാത്രി രണ്ട് കോടി രൂപ നല്‍കി രവിമോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കകം 18.5 കോടിക്ക് ട്രസ്റ്റ് വാങ്ങുകയായിരുന്നു. 17കോടി രൂപ ആര്‍.ടി.ജി.എസ് ആയി ഇരുവരുടെയും അക്കൗണ്ടിലേക്ക് അയച്ചതായും പാണ്ഡെ പറഞ്ഞു. ട്രസ്റ്റ് അംഗം അനില്‍മിശ്രയും അയോധ്യമേയര്‍ ഋഷികേശ് ഉപാധ്യായും ഇടപാടിന് സാക്ഷികളാണെന്നും പാണ്ഡെ പറഞ്ഞു.ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് ട്വിറ്ററിലൂടെ ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്തുവിട്ടു.

അതേസമയം ആരോപണങ്ങളെല്ലാം ട്രസ്റ്റ് നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാമക്ഷേത്രനിര്‍മാണത്തിനായി 2020 ഫെബ്രുവരിയിലാണ് ശ്രീരാമജന്മഭൂമി ട്രസ്റ്റ് രൂപീകരിച്ചത്.

Exit mobile version