ഐസോള്‍: ലോകത്തെ ഏറ്റവും വലിയ കുടുംബ നാഥന്‍ അന്തരിച്ചു. മിസോറാമിലെ സിയോണ ചനയാണ് അന്തരിച്ചത്. 76 വയസായിരുന്നു. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സിയോണയ്ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നുവെന്നാണ് വിവരം.
മിസോറം മുഖ്യമന്ത്രി സോറാംതാങ്കയാണ്, സിയോണയുടെ മരണവിവരം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉള്‍പ്പെട്ട ചനയുടെ വലിയകുടുംബം ലോകശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചന പോള്‍ എന്ന ഉപഗോത്രത്തിന്റെകൂടി നാഥനാണ് സിയോണ. 1945 ജൂലായ് 21-നാണ് സിയോണയുടെ ജനനം. 17 വയസുള്ളപ്പോള്‍ തന്നെക്കാള്‍ മൂന്ന് വയസ്സ് കൂടുതലുള്ള സ്ത്രീയുമായിട്ടായിരുന്നു ആദ്യ വിവാഹം. പിന്നീട് കുടുംബത്തിലെ അംഗസംഖ്യ കൂടി വലിയൊരു കുടുംബമായി മാറുകയായിരുന്നു. ബാക്തോങ് തലാങ്നുവാമിലെ ഗ്രാമത്തിലെ നൂറിലേറെ മുറികളുള്ള നാലുനില വീട്ടിലാണ് സിയോണയുടെ കുടുംബം താമസിക്കുന്നത്.