ന്യൂഡല്‍ഹി: നേരിയ ആശ്വാസമായി രാജ്യത്ത് ഞായറാഴ്ച പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായ രണ്ടു ദിവസം പെട്രോള്‍, ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ഡല്‍ഹിയില്‍ ലിറ്ററിന് 96.12 രൂപയും ഡീസലിന് 86.98 രൂപയുമാണ്.
മുംബൈയില്‍ 102.30 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 94.39 രൂപയും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറുകടന്നിരുന്നു. അക്കൂട്ടത്തില്‍ കേരളവും ഇടംനേടിയിരുന്നു. പ്രീമിയം പെട്രോളിന് വില 100 രൂപ കടന്നിരുന്നു. താമസിയാതെ സാധാരണ പെട്രോളിനും സെഞ്ച്വറി അടിക്കുമെന്നതില്‍ സംശയമില്ല.
സാധാരണ പെട്രോളിന് 98 രൂപയിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ സെഞ്ച്വറി പെട്രോളിന് മാത്രമല്ല, ഡീസലും 100 രൂപയിലെത്തി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് ഡീസല്‍ വില 100 രൂപയിലേയ്ക്ക് എത്തിയത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ ദിവസവും പെട്രോളിയം കമ്പനികള്‍ വില കൂട്ടിയതിന് പിന്നാലെയാണ് വില 100 തൊട്ടത്. രാജസ്ഥാന്‍ വടക്കുകിഴക്കന്‍ ഭാഗത്തെ ചെറുപട്ടണമായ ശ്രീ ഗംഗാനഗറില്‍ തന്നെയാണ് പെട്രോളിനും ആദ്യമായി 100 രൂപ കടന്നത്. പെട്രോളിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയും ഇവിടെതന്നെയാണ്.
ലിറ്ററിന് 107.23 രൂപയാണ് പെട്രോളിന് വില. കഴിഞ്ഞ ദിവസം ഡീസലിന് 25 പൈസ കൂടിയതോടെ ഇവിടെ ലിറ്ററിന് 100.06 രൂപയായി വില. പ്രീമിയം പെട്രോളിന് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ലിറ്ററിന് 100 രൂപ പിന്നിട്ടു. രാജ്യത്തെ പ്രധാന നഗരമായ മുംബൈയിലും പ്രീമിയം പെട്രോളിന് 100 രൂപ കടന്നിരുന്നു. അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് പെട്രോള്‍ -ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
Discussion about this post