മുംബൈ: ഇന്ത്യന്‍ ചാരനാണെന്ന് ആരോപിച്ച് പാകിസ്താന് ജയിലിലടച്ച ഇന്ത്യക്കാരന് മോചനം. ആറ് വര്‍ഷത്തിന് ശേഷമാണ് മുംബൈ സ്വദേശിയായ ഹമീദ് നെഹാല്‍ അന്‍സാരിയ ജയില്‍ മോചിതനാകുന്നത്. ചൊവ്വാഴ്ച അന്‍സാരിയെ പാകിസ്താന് വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.
33 വയസുള്ളപ്പോഴാണ് എന്‍ജിനീയറായിരുന്ന അന്‍സാരിയെ പാകിസ്താന് പിടികൂടുന്നത്. അനധികൃതമായി അതിര്‍ത്തി കടന്നെന്നും ഇന്ത്യന്‍ ചാരനാണെന്നുമാണ് പാകിസ്താന് ആരോപിച്ചിരുന്നത്. തുടര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തി ജയിലിലടക്കുകയായിരുന്നു.
2012 ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് ജോലിയുടെ ഭാഗമായി പോയ അന്‍സാരിയെ പിന്നീട് കാണാതാകുകയായിരുന്നു. സമൂഹ മാധ്യമത്തില്‍ കൂടി പരിചയപ്പെട്ട പാക് പെണ്‍കുട്ടിയെ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്ന പാകിസ്താനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വയിലേക്ക് അന്‍സാരി കടന്നിരുന്നു.
2012 നവംബര്‍ 12 ന് ജലാലാബാദ് അതിര്‍ത്തി വഴി പാകിസ്താനിലേക്ക് കടന്ന അന്‍സാരിയെ പെഷവാറില്‍ വെച്ച് പാക് ഇന്റലിജന്‍സ് വിഭാഗം അറ്സ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പട്ടാളക്കോടതി മൂന്നുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. മുന്നുവര്‍ഷം കഴിഞ്ഞിട്ടും ജയില്‍ മോചിതനാക്കാന്‍ പാകിസ്താന് തയ്യാറായില്ല.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലാണ് അന്‍സാരിയുടെ മോചനത്തിനായി നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തുന്നതിന് വഴിതെളിച്ചത്. മുംബൈയിലെ ബിജെപി പ്രവര്‍ത്തകനും മുന്‍ നിയമസഭാംഗവുമായിരുന്ന കൃഷ്ണ ഹെഡ്ഗെയും പാകിസ്താന്- ഇന്ത്യ പീപ്പിള്‍സ് ഫോറം ഫോര്‍ പീസ് ആന്‍ഡ് ഡെമോക്രസി എന്ന സന്നദ്ധ സംഘടനയുമാണ് അന്‍സാരിയുടെ കുടുംബത്തെ സഹായിച്ചത്.
അന്‍സാരിയുടെ സുഗമമായ തിരിച്ചുവരവിനാവശ്യമായ രേഖകള്‍ ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ പോയി ശരിയാക്കിയെടുത്തതും ഇവര്‍ ചേര്‍ന്നാണ്. കഴിഞ്ഞ തിങ്കളാഴ്ച അന്‍സാരിയെ മോചിപ്പിക്കുന്നതായുള്ള അറിയിപ്പ് പാകിസ്താന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള വന്‍ ജനാവലി വാഗാ അതിര്‍ത്തിയില്‍ വെച്ച് അന്‍സാരിക്ക് സ്വാഗതമരുളാന്‍ എത്തിച്ചേരുമെന്നാണ് വിവരം.
Discussion about this post