മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ല; മുകുള്‍ റോയിയും മകനും തൃണമൂലില്‍; ഞെട്ടി ബിജെപി

mukul roy | bignewslive

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തി. തൃണമൂല്‍ ഭവനിലെത്തിയ മുകുള്‍ റോയ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പാര്‍ട്ടിയിലേക്കു മടങ്ങുന്നുവെന്ന് അറിയിച്ചത്.

തന്റെ മകന്‍ ശുഭാന്‍ഷുവോടൊപ്പമാകും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നത്. ബി.ജെ.പിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് മുകുള്‍ റോയ് പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. നിലവില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുള്‍ റോയ്.

ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

2017ലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും അധികാരം പിടിച്ചതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് പല നേതാക്കളും.മുകുള്‍ റോയുടെ തിരിച്ചുപൊക്ക് ബിജെപി ക്യാമ്പില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുകയാണ്.

Exit mobile version