ഗുവാഹത്തി : കുടിയേറ്റ മുസ്ലിങ്ങള്‍ കുടുംബാസൂത്രണം നടത്തി ജനസംഖ്യ നിയന്ത്രിക്കണമെന്ന വിവാദ പ്രസ്താവനയുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ജനസംഖ്യ നിയന്ത്രണത്തില്‍ കുടിയേറ്റ മുസ്ലിങ്ങള്‍ മുന്‍കൈ എടുത്താല്‍ ഭൂമി കയ്യേറ്റം ഉള്‍പ്പടെയുള്ള ഭീഷണികള്‍ ഒഴിവാക്കാമെന്നാണ് ഹിമന്ത പറഞ്ഞത്.
കയ്യേറ്റ വിരുദ്ധ നടപടികളില്‍ ഭൂമി നഷ്ടപ്പെടുന്നത് കുടിയേറ്റ മുസ്ലിം വിഭാഗത്തിനാണല്ലോ എന്ന ചോദ്യത്തിന് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഉത്തരം പറയവേ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന.ജനസംഖ്യ വര്‍ധനവ് ഇതുപോലെ തുടരുകയാണെങ്കില്‍ തന്റെ വീടും കടന്നുകയറി ഉപയോഗിച്ചേക്കാമെന്നും ഹിമന്ത പറഞ്ഞു. ഇതിനെക്കുറിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കാന്‍ മുസ്ലിം കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താന്‍ സന്നദ്ധനാണെന്നും മന്ത്രി അറിയിച്ചു. ജനസംഖ്യ വര്‍ധനവ് ആളുകള്‍ക്ക് വാസസ്ഥലത്തിനുള്ള ലഭ്യത കുറയ്ക്കും. ഇങ്ങനെ വന്നാല്‍ ജനങ്ങള്‍ക്ക് ആരാധനാലയങ്ങളിലും കാടുകളിലും സ്ഥിരവാസമൊരുക്കുക സാധ്യമല്ലെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും ഒരു സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും എഐയുഡിഎഫ് ജനറല്‍ സെക്രട്ടറിയും മനാകച്ചാര്‍ എംഎല്‍എയുമായ അനിമുല്‍ ഇസ്ലാം പറഞ്ഞു. സര്‍ക്കാര്‍ ജനസംഖ്യ നയം കൊണ്ട് വന്നതിനെ ഞങ്ങള്‍ എതിര്‍ത്തിട്ടില്ല. എന്നാല്‍ ജനസംഖ്യ വര്‍ധനയ്ക്ക് കാരണം കുടിയേറ്റ മുസ്ലിങ്ങള്‍ തന്നെയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം കൂടടിച്ചേര്‍ത്തു.
അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ ബംഗ്‌ളദേശില്‍ നിന്ന് കുടിയേറിയവരായാണ് കാണുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം തന്നെ അസ്സമിലെ തദ്ദേശീയത സംരക്ഷിക്കും എന്നതായിരുന്നു. നേരത്തേയും ബിജെപി നേതാക്കള്‍ സമാന രീതിയില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അസ്സമില്‍ 3.13 കോടി ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ 35 ശതമാനം വരും. 126 നിയമസഭാ സീറ്റുകളില്‍ 35 എണ്ണത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്.