രാഷ്ട്രീയ മര്യാദയെന്തെന്ന് ബിജെപിയെ പഠിപ്പിച്ച് രാഹുല്‍ ഗാന്ധി;റിപ്പബ്ലിക് പരേഡില്‍ തന്നെ വെറും കാഴ്ചക്കാരനാക്കി ഒതുക്കിയവര്‍ക്ക് രാഹുല്‍ നല്‍കിയ മറുപടി

ബിജെപിക്ക് ബദല്‍ തങ്ങളാണെന്ന് വാക്കിലും പ്രവര്‍ത്തിയിലും ഉറപ്പിക്കുകയാണ് ഓരോ നീക്കത്തിലൂടേയും പ്രവര്‍ത്തിയിലൂടേയും കോണ്‍ഗ്രസ്

2019ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയം ബിജെപിക്ക് തിരിച്ചടിയായത് രണ്ട് തരത്തിലാണ്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാലു വര്‍ഷമായി ബിജെപി നടത്തി വന്നിരുന്ന തേരോട്ടം അവസാനിച്ചു എന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ബദലായി രാഹുല്‍ ഗാന്ധി എന്ന നേതാവിനെ ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

ബിജെപിക്ക് ബദല്‍ തങ്ങളാണെന്ന് വാക്കിലും പ്രവര്‍ത്തിയിലും ഉറപ്പിക്കുകയാണ് ഓരോ നീക്കത്തിലൂടേയും പ്രവര്‍ത്തിയിലൂടേയും കോണ്‍ഗ്രസ്. കഴിഞ്ഞ നാല് വര്‍ഷമായി വനവാസത്തിലായിരുന്ന രാഷ്ട്രീയ മര്യാദയുടെ തിരിച്ചുവരവാണ് രാഹുല്‍ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് സാധ്യമാക്കിയത്. അതിന്റെ വിളംബരമായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിപക്ഷ ബഹുമാനത്തില്‍ അടിവരയിട്ട സത്യപ്രതിജ്ഞാ ചടങ്ങ്.

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ മോഡിക്കെതിരായിട്ടുള്ള പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്ന വേദിയാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അതിനൊപ്പം തന്നെ സംസ്ഥാനത്ത് പ്രതിപക്ഷമാകുന്ന ബിജെപിയോട് രാഷ്ട്രീയമായ മര്യാദ കാട്ടാനും മറന്നില്ല. ഛത്തിസ്ഗഡിലെയും, മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും മുന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുപ്പിച്ച കോണ്‍ഗ്രസ് അവരെ വെറും കാഴ്ച്ചക്കാരായി താഴെ നിര്‍ത്താതെ വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കെ ആറാമത്തെ വരിയിലെ കാഴ്ചക്കാരനായി റിപ്പബ്ലിക ദിന പരേഡില്‍ തന്നെ ഒതുക്കിയ കേന്ദ്രസര്‍ക്കാരിനോടും ബിജെപിയോടും രാഹുല്‍ പ്രതികരിച്ചത് സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍നിരയില്‍ സീറ്റുകള്‍ ഒരുക്കിയാണ്.

എതിരാളികളെ പുച്ഛിച്ചും അവഗണിച്ചും ഇല്ലായ്മ ചെയ്യുന്ന ബിജെപി വെറുപ്പിന്റെ തത്വശാസ്ത്രം പരത്തുമ്പോള്‍ മറുഭാഗത്ത് അടുത്തെത്തി കൈകൊടുത്ത് മര്യാദ കാണിക്കുകയാണ് രാഹുലിന്റെ കോണ്‍ഗ്രസ്. അതാണ് നയമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും പറയുന്ന പോലെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ കമല്‍നാഥ് മുന്‍ മുുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് അടുത്തെത്തി കൈ കൊടുത്തപ്പോള്‍ രാജസ്ഥാനില്‍ മുന്‍മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന കോണ്‍ഗ്രസ് എംപിയും അനന്തരവനുമായ ജ്യോതിരാത്യ സിന്ധ്യയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുകയാണ്. രാഷ്ട്രീയമായ ഇത്തരം മര്യാദകളാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബിജെപിക്ക് ബദല്‍ തങ്ങളാണെന്നും കോണ്‍ഗ്രസ്സും ബിജെപിയും രണ്ടാണെന്നും തെളിയിക്കാന്‍ രാഹുല്‍ ഗാന്ധി കൈയ്യില്‍ കരുതിയിരിക്കുന്ന ആയുധം.

Exit mobile version