ചെന്നൈ: സോഷ്യലിസവും മമതാ ബാനര്‍ജിയും വിവാഹിതരാകുന്നു. ഇത് തമിഴ്‌നാട്ടിലെ ഒരു വിവാഹമാണ്. സാധാരണ നടക്കുന്ന വിവാഹം തന്നെയാണ് ഇതും. എന്നാല്‍, പേരിലെ വ്യത്യസ്തതയാണ് വിവാഹം വൈറല്‍ ആവാന്‍ കാരണം. ഞായറാഴ്ചയാണ് വിവാഹം.
സിപിഐ ജില്ലാ സെക്രട്ടറി എ. മോഹന്റെ മകന്റെ പേരാണ് സോഷ്യലിസം. ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായി മമതാ ബാനര്‍ജി കത്തി നില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസ് അനുഭാവിയായ കുടുംബത്തില്‍ ഈ മമതയുടെ പിറവി. ഇവര്‍ മോഹന്റെ ബന്ധുകൂടിയാണ്. മോഹന്റെ മറ്റ് മക്കളുടെ പേര് കമ്മ്യൂണിസമെന്നും ലെനിനിസമെന്നുമാണ്.
പേരിലെ ഈ വൈവിധ്യം സോഷ്യല്‍മീഡിയ കൂടി ഏറ്റെടുത്തതോടെ ഇരുവരുടെയും വിവാഹം ഒന്നാകെ ചര്‍ച്ചയാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ വളര്‍ന്ന മോഹന്‍ സിപിഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മോഹന്റെ ഭാര്യ ആദ്യ മകനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് സോവിയറ്റ് യൂണിയന്‍ ശിഥിലമായത്. ഇതോടെ കമ്മ്യൂണിസം മരിച്ചുവെന്ന് പലരും പറഞ്ഞതില്‍ അസ്വസ്ഥനായതോടെയാണ് മോഹന്‍ തന്റെ മൂത്ത മകന് കമ്മ്യൂണിസം എന്ന പേര് നല്‍കിയത്. മനുഷ്യരാശി ഉള്ളിടത്തോളം കാലം കമ്മ്യൂണിസം നിലനില്‍ക്കുമെന്നും അതിനാലാണ് മകന് ഈ പേരിട്ടതെന്നും മോഹന്‍ പറയുന്നു. മോഹന്റെ പേരക്കുട്ടിയുടെ പേര് മാര്‍ക്സിസം എന്നാണ്.