മുംബൈ: കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത് നാല് ദിവസത്തേയ്ക്ക് കൂടി മഴ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് ദിവസത്തേയ്ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്നും അടുത്ത നാല് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ദുരന്തനിവാരണ സേനയുടെ കണ്ട്രോള് റൂം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി. തെലങ്കാന, ആന്ധപ്രദേശ്, ഒഡിഷ , പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അടുത്തദിവസം കനത്ത മഴ ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
Discussion about this post