ന്യൂഡല്‍ഹി: താടിവടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 100 രൂപ അയച്ചുനല്‍കി ചായക്കടക്കാരന്. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയായ ചായക്കടക്കാരനാണ് നൂറുരൂപ മണിയോര്‍ഡര്‍ ആയി മോഡിക്ക് അയച്ചുനല്‍കിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ദാപുര് റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന അനില്‍ മോറെയാണ് മോദിക്ക് പണം അയച്ചുനല്‍കിയത്. നീണ്ടുനില്‍ക്കുന്ന താടി വടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇയാള്‍ മോഡിക്ക് പണം അയച്ചുനല്‍കിയത്. കോവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണില്‍ രാജ്യത്തെ അസംഘടിത മേഖല തകര്‍ന്നിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു നടപടി. ‘പ്രധാനമന്ത്രി നേരന്ദ്രമോഡിയുടെ താടി വളരെയധികം വളര്‍ന്നു. അദ്ദേഹം എന്തെങ്കിലും വളര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, അത് രാജ്യത്തിന്റെ തൊഴില്‍ അവസരമാകണം. വാക്സിനേഷന് നടപടികള്‍ ത്വരിതപ്പെടുത്തുകയും നിലവിലെ മെഡിക്കല്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും വേണം. കൂടാതെ ലോക്ഡൗണില്‍ തകര്‍ന്ന ജനങ്ങള്‍ അതില്‍നിന്ന് മുക്തരായെന്ന് ഉറപ്പുവരുത്തണം’ -അനില്‍ മോറെ മോഡിക്ക് അയച്ച കത്തില്‍ പറയുന്നു.
‘രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ് പ്രധാനമന്ത്രിയുടേത്. നമ്മുടെ പ്രധാനമന്ത്രിയോട് അങ്ങയറ്റം ബഹുമാനവുമുണ്ട്. അതുകൊണ്ടുതന്നെ എന്റെ സമ്പാദ്യത്തില്‍നിന്ന് അദ്ദേഹത്തിന്റെ താടി വടിക്കാന്‍ ഞാന്‍ 100 രൂപ അയച്ചുനല്‍കുന്നു. അദ്ദേഹം ഉന്നത നേതാവാണ്. അേദ്ദഹത്തെ വിഷമിപ്പിക്കാന്‍ എനിക്ക് ഉദ്ദേശമില്ല. പക്ഷേ, പകര്‍ച്ചവ്യാധി മൂലം ദിവസംതോറും തളരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് പ്രധാന മാര്‍ഗമായി ഇതിനെ കണക്കാക്കുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നും ലോക്ഡൗണ്‍ കാരണം നിരവധി പേരാണ് ദുരിതത്തിലായതെന്നും ഈ ജനങ്ങള്‍ക്കായി തുക വകയിരുത്തണമെന്നും അനില്‍ മോറെ ആവശ്യപ്പെട്ടു.
Discussion about this post