എല്ലാ ജില്ലകളിലും സജീവകേസുകള്‍ 600-ല്‍ താഴെ,പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം; കര്‍ഫ്യൂ പിന്‍വലിച്ച് ഉത്തര്‍പ്രദേശ്

ലഖ്‌നൗ: കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന കൊറോണ കര്‍ഫ്യൂ പിന്‍വലിച്ച് ഉത്തര്‍പ്രദേശ്. എല്ലാ ജില്ലകളിലെയും സജീവ കോവിഡ് കേസുകളുടെ എണ്ണം അറുന്നൂറില്‍ താഴെ എത്തിയതിനു പിന്നാലെയാണ് കര്‍ഫ്യൂ പിന്‍വലിച്ചത്.

കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും രാത്രികാലങ്ങളിലും വാരന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങള്‍ തുടരും. വാരാന്ത്യങ്ങളില്‍ ഒഴികെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ നിയന്ത്രണങ്ങളില്‍ ഇളവുകളുണ്ടാകും. വൈകുന്നേരം ഏഴുമുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രി കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യൂവും തുടരും. ബുധനാഴ്ച മുതല്‍ ഇത് നിലവില്‍ വരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

സംസ്ഥാനത്ത് ആകെ 14,000 സജീവ കേസുകളാണുള്ളത്.തിങ്കളാഴ്ച 2.85 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയപ്പോള്‍ 797 കേസുകള്‍ മാത്രമാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.9 ശതമാനമാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഇതേതുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്താവ് പറഞ്ഞു. ഏപ്രില്‍ മുപ്പതിനാണ് ഉത്തര്‍പ്രദേശില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Exit mobile version