മധ്യപ്രദേശ്: മൂന്നാമതും പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും കിണറില്‍ തള്ളി 42കാരന്. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് ക്രൂര സംഭവം അരങ്ങേറിയത്. സംഭവത്തില്‍ കിണറ്റില്‍ വീണ എട്ടുവയസുകാരി മരിച്ചു. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഭാര്യയെയും മക്കളെയും 42കാരന് കിണറില്‍ തള്ളിയത്. മൂന്ന് മാസം മുമ്പാണ് ഭാര്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഇയാള്‍ക്ക് ആണ് കുട്ടി ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. പ്രസവശേഷം ഭാര്യയും മക്കളും ഭാര്യയുടെ വീട്ടിലായിരുന്നു.
കഴിഞ്ഞ ദിവസം ഭാര്യയെയും മക്കളെയും ഭാര്യ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് ബൈക്കില്‍ വിളിച്ചുകൊണ്ടുവരുന്നതിനിടെ വഴിവക്കിലെ കിണറ്റില്‍ തള്ളിയിടുകയായിരുന്നു. കിണറ്റില്‍ നിന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ കല്ലെറിയുകയും ചെയ്തു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തുനിന്നും പോകുകയും ചെയ്തു.
നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെയും കുഞ്ഞുങ്ങളെയും രക്ഷിച്ചത്. അപ്പോഴെക്കും മൂത്ത പെണ്‍കുട്ടി മരിച്ചിരുന്നു. മൂന്നാമതും പെണ്‍കുട്ടിയായതിനാല്‍ ഭര്‍ത്താവ് തന്നോട് ദേഷ്യത്തിലായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post