വിവാഹ മണ്ഡപത്തിലേക്ക് വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തി; വിവാഹത്തിൽ നിന്നും പിന്മാറി വധു

wedding

പ്രയാഗ്‌രാജ്: വിവാഹമണ്ഡപത്തിലേക്ക് വരനും സുഹൃത്തുക്കളും മദ്യപിച്ചെത്തിയതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശ് പ്രയാഗ് രാജിലാണ് സംഭവം. വിവാഹ ദിവസം വരനും സുഹൃത്തുക്കളും മദ്യപിച്ച് മണ്ഡപത്തിലേക്ക് എത്തിയതോടെയാണ് വധു പിന്മാറ്റിയത്. വരന്റെയും സുഹൃത്തുക്കളുടെയും മദ്യപിച്ചുള്ള പ്രകടനങ്ങൾ തുടക്കത്തിൽ വധുവും വീട്ടുകാരും അവഗണിച്ചു.

എന്നാൽ, ചടങ്ങിന് മുമ്പായി വധുവിനെ നൃത്തം ചെയ്യുന്നതിനായി വരൻ നിർബന്ധിച്ചതോടെയാണ് സാഹചര്യം വഷളായത്. നൃത്തം ചെയ്യാൻ പെൺകുട്ടി തയ്യാറായില്ല. ഇതോടെ വരൻ വിഭ്രാന്തി കാണിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. വരന്റെ പെരുമാറ്റത്തിൽ പ്രകോപിതയായ ഇരുപത്തിരണ്ടുകാരിയായ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് വിവാഹസമ്മാനമായി നൽകിയ പണവും മറ്റു സമ്മാനങ്ങളും തിരികെ ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാർ വരനേയും കുടുംബാംഗങ്ങളേയും തടഞ്ഞുവെക്കുകയും ചെയ്തു.

പിന്നീട് വരന്റെ വീട്ടുകാർ പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും മദ്യപാനിയായ വരനെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യമില്ലെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഒടുവിൽ വധുവിന്റെ കുടുംബത്തിന് പണവും മറ്റും തിരികെ നൽകാമെന്ന് വരന്റെ വീട്ടുകാർ സമ്മതിച്ചതോടെയാണ് പ്രശ്‌നം പരിഹരിക്കാനായത്.

Exit mobile version