ഭോപ്പാല്‍ : ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും കിണറ്റില്‍ തള്ളിയിട്ട് യുവാവിന്റെ ക്രൂരത. കിണറ്റില്‍ വീണ കുട്ടികളില്‍ ഒരാള്‍ മരിച്ചു. ഭാര്യയും ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞും സാരമായ പരിക്കുകളോടെ രക്ഷപെട്ടു.
മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദാദിയ സ്വദേശിയായ യാദവ്(35) ആണ് ഭാര്യയെയും രണ്ട് മക്കളെയും കിണറ്റിലേക്ക് തള്ളിയിട്ടത്. ഇതില്‍ എട്ട് വയസ്സുള്ള കുട്ടിയാണ് മരിച്ചത്. യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്ന കാരണത്താല്‍ യാദവ് ഇവരെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. യുവതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മുകളില്‍ നിന്ന് കല്ലെറിഞ്ഞു. കിണറ്റില്‍ വീണ യുവതിയും കുഞ്ഞുങ്ങളും സഹായത്തിനായി നിലവിളിച്ചെങ്കിലും ആളൊഴിഞ്ഞ പ്രദേശമായിരുന്നതിനാല് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല
ഒടുവില്‍ യുവതി ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കയ്യിലെടുത്ത് കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറി രക്ഷപെടുകയായിരുന്നു. എട്ട് വയസുകാരി ഇതിനോടകം മുങ്ങി മരിച്ചിരുന്നു.രക്ഷപെട്ട യുവതി നാട്ടുകാരെ വിവരമറിയിച്ച ശേഷം ഛന്ദാല പോലീസില്‍ പരാതി നല്കി.ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല എന്ന പേരില്‍ യാദവ് സ്ഥിരം ഉപദ്രവിച്ചിരുന്നതായി യുവതി പോലീസില്‍ മൊഴി നല്കി. അവസാനത്തെ പ്രസവത്തിലും ആണ്കുഞ്ഞാകാതിരുന്നതില് പ്രകോപിതനായ യുവാവ് യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് വരുന്നതിനിടെയായിരുന്നു ദാരുണ സംഭവം.
യുവതിയെയും കുഞ്ഞുങ്ങളെയും കിണറ്റില്‍ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. വെള്ളം എടുക്കാനെന്ന വ്യാജേന ബൈക്കില്‍ നിന്നിറക്കി ആയിരുന്നു കൊലപാതകശ്രമം. ദമ്പതികള്‍ക്ക് മറ്റൊരു പെണ്‍കുട്ടി കൂടെയുണ്ട്. ഈ കുട്ടി സംഭവം നടന്ന ദിവസം യുവതിയുടെ വീട്ടിലായിരുന്നു.
Discussion about this post