ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചര്‍ച്ചചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. നിലവില്‍ കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആര്‍ടിപിസിആര്‍ പരിശോധനാഫലം ചോദിക്കുന്നത്.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരോട് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങള്‍ക്കുണ്ട്. അതിനിടെ രാജ്യാന്തര യാത്രകള്‍ നടത്തുന്നവര്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്യുന്നത്. വിവേചനപരമായ നടപടിയാവും അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post