പട്ന : അനുവാദം ചോദിക്കാതെ വെള്ളം കുടിച്ചതിന് ബീഹാറില്‍ ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബെഗുസരായ് ജില്ലയില്‍ ബഡേപുര ഗ്രാമവാസിയായ ഛോട്ടേലാല്‍ സഹാനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതേ ഗ്രാമത്തിലെ ദിനേശ് സഹാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകന് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിനടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെ ഛോട്ടേലാലിനെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെ ഛോട്ടേലാല്‍ ദിനേശ് സഹാനിയുടെ കുടത്തില്‍ നിന്ന് ചോദിക്കാതെ വെള്ളം എടുത്ത് കുടിച്ചു എന്നതായിരുന്നു കാരണം.ഛോട്ടേലാല്‍ വെള്ളം കുടിക്കുന്നത് കണ്ട ഇവര്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
ഛോട്ടേലാലിനെ മര്ദിച്ചവശനാക്കുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇദ്ദേഹത്തെ രക്ഷപെടുത്തി വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടന്‍ തന്നെ ഇദ്ദേഹത്തെ ബെഗുസാരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പട്ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഛോട്ടേലാല്‍ മരിച്ചത്.ഇവിടെ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം നാട്ടുകാരാണ് സ്വരൂപിച്ച് നല്‍കിയത്. മൃതദേഹം സംസ്കരിച്ചതും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.
Discussion about this post