ന്യൂഡല്‍ഹി : റേഷന്‍ സാധനങ്ങള്‍ ജനങ്ങളുടെ വീട്ടിലെത്തിച്ച് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നടപടി തടഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പിസ്സ, ബര്‍ഗര്‍ പോലുള്ളവ വീട്ടുപടിക്കലെത്തിക്കാമെങ്കില്‍ എന്തുകൊണ്ട് റേഷന്‍ എത്തിച്ചുകൂട എന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
തീരുമാനം നടപ്പിലാക്കുന്നതിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് നടപടി റദ്ദാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ആദ്യമായാണ് ഒരു സര്‍ക്കാര്‍ റേഷന്‍ കരിഞ്ചന്ത തടയാന്‍ നടപടിയെടുത്തതെന്നും എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ അത് തടയാന്‍ ശേഷിയുള്ളവരാണ് റേഷന്‍ മാഫിയ എന്നും കേജരിവാള്‍ അഭിപ്രായപ്പെട്ടു.
അനുമതി തേടിയരുന്നില്ല എന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുനന്നതെന്നും എന്നാല്‍ അഞ്ച് തവണ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്തെ 72 ലക്ഷത്തോളം വരുന്ന കാര്‍ഡുടമകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമായിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്രം മമത ബാനര്‍ജി, മഹാരാഷ്ട്ര സര്‍ക്കാര്‍, ഡല്‍ഹി ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍, കര്‍ഷകര്‍, ലക്ഷദ്വീപ് നിവാസികള്‍ തുടങ്ങി ആരുമായും തന്നെ യോജിച്ച് പോകുന്നില്ലെന്നും ഇങ്ങനെ ആണ് പോക്കെങ്കില്‍ മഹാമാരി നേരിടാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു.തന്നെ പദ്ധതി നടപ്പിലാക്കാന്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നും മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
റേഷന്‍ വിതരണത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നുവെന്നും എന്നാല്‍ മടക്കി അയച്ചുവെന്നും ശനിയാഴ്ചയാണ് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മാര്‍ച്ചിലും റേഷന്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.