നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കുണ്ടായ പരാജയത്തിന് കാരണം നരേന്ദ്ര മോഡിക്കെതിരായ വികാരമല്ലെന്ന് ആര്‍എസ്എസ് മുഖപത്രം. സംവരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഭാഗങ്ങളുടെ ഭിന്ന താല്‍പര്യങ്ങള്‍ക്കിടയില്‍ പെട്ടുപോയതാണ് പരാജയത്തിന് കാരണമെന്ന് ‘ഓര്‍ഗനൈസര്‍’ ചൂണ്ടിക്കാട്ടി. കര്‍ഷക പ്രശ്നമാണ് കാരണമെങ്കില്‍ ഗ്രാമീണ മേഖലയിലെ 50 ശതമാനം സീറ്റുകളിലും ബിജെപിയ്ക്ക് വിജയിക്കാന്‍ കഴിയുമായിരുന്നില്ലെന്നും പത്രം വിലയിരുത്തുന്നു.
തെറ്റായ പ്രചാരണങ്ങളെയും വ്യാഖ്യാനങ്ങളെയും അതിജീവിച്ചാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മെച്ചപ്പെട്ട പോരാട്ടം കാഴ്ചവെച്ചത്. ചിലയിടങ്ങളില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിച്ചു. അതേസമയം ബിജെപി അനുകൂല വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുമില്ല.
മോഡിയുടെ വികസന സമീപനങ്ങള്‍ ബിജെപിയ്ക്ക് വോട്ടുനേടിതരുന്നത് തന്നെയാണ്. എന്നാല്‍ ഇതിനെക്കാള്‍ പ്രധാനം ഹിന്ദുത്വയാണ്. കോണ്‍ഗ്രസ് അതിന്റെ മതേതര മുഖം മാറ്റിവെച്ച് ഹിന്ദുത്വത്തെ എതിരിടുമ്പോള്‍ അത് കൂടുതല്‍ പ്രധാന്യമുള്ളതായി മാറുന്നുവെന്നും ആര്‍എസ്എസ്സിന്റെ പത്രാധിപകുറിപ്പ് വിശദമാക്കുന്നു.
രാമക്ഷേത്രം, ഗോ സംരക്ഷണം, 370 -ാം വകുപ്പ് എന്നിവ വികസനവുമായി ബന്ധപ്പെടുന്നതല്ലെങ്കിലും അത് ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനപ്പെട്ടതും വൈകാരികവുമായ വിഷയമാണെന്നും പത്രം അഭിപ്രായപ്പെട്ടു. ഹിന്ദുത്വയേയും വികസനത്തേയും കൂട്ടിയോജിപ്പിച്ച് മോഡിയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പത്രം അവകാശപ്പെട്ടു.
Discussion about this post