കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകും; പ്രതിദിനം 37000 രോഗികള്‍ ഉണ്ടായേക്കാം; കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന് തയ്യാറെടുത്ത് ഡല്‍ഹി സര്‍ക്കാര്‍. മൂന്നാം തരംഗത്തില്‍ പ്രതിദിനം കുറഞ്ഞത് 37000 രോഗികളെ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇത് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതായി കെജ്രിവാള്‍ പറഞ്ഞു. കേസുകള്‍ അതില്‍ കൂടിയാലും അതിനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ഐ.സി.യു , ആശുപത്രി കിടക്കകള്‍ , ഓക്‌സിജന്‍ , മരുന്നുകള്‍, എന്നിവയുടെ ക്രമീകരണങ്ങള്‍ ഈ കണക്ക് അനുസരിച്ച് തയ്യാറാക്കിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കല്‍, രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കല്‍, ഓക്‌സിജന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവ തയ്യാറാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.പ്രധാനപ്പെട്ട മരുന്നുകളുടെ ബഫര്‍ സ്റ്റോക്കും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറസിന്റെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായാണ് രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കുന്നത്. ലോക് നായക് ജയ് പ്രകാശ് ഹോസ്പിറ്റലിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ഐഎല്ബിഎസ്) ലുമാണ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ ഒരു ദിവസം 28,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മൂന്നാം തരംഗം രൂക്ഷമാകുന്ന ഘട്ടത്തില്‍ 37,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതുമുന്നില്‍ കണ്ട് കിടക്കകളും ഓക്‌സിജന്‍ ശേഷിയും മരുന്നുകളും വര്‍ദ്ധിപ്പിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

രണ്ടാം തരംഗത്തില്‍ ഉണ്ടായത് പോലെയുള്ള ഓക്‌സിജന്‍ പ്രതിസന്ധി മൂന്നാം തരംഗത്തില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഓക്‌സിജന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 25 ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുകയും അടുത്ത ഏതാനും ആഴ്ചകളില്‍ 64 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. 420 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷി സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് നടപടി. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവര്‍ത്തിക്കാം. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല് രാത്രി എട്ട് മണി വരെ തുറക്കാനും അനുമതി നല്‍കി.

അന്‍പത് ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു. സ്വകാര്യ ഓഫിസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവര്ത്തിക്കാം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫിസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരില്‍ 50 ശതമാനം ഓഫിസിലെത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 0.5 നിരക്കില്‍ 400 കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

Exit mobile version